നീലേശ്വരം യൂനിയൻ ബാങ്ക് ജപ്തിനടപടി കൂട്ടപ്പുനയിൽ സി.പി.എം പ്രവർത്തകർ തടയുന്നു
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളം കൂട്ടപ്പുനയിലെ 85കാരി നാരായണിയും മകനും ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ ജപ്തിനടപടിയിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടഞ്ഞു. യൂനിയൻ ബാങ്ക് നീലേശ്വരം ശാഖ അധികൃതർ കുടിയൊഴിപ്പിക്കാനായി എത്തിയ സംഭവമറിഞ്ഞാണ് കുടിയൊഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞത്. നാരായണിയുടെ മകൻ പി.വി. ചന്ദ്രൻ ഗൾഫിലായിരിക്കെയാണ് യൂനിയൻ ബാങ്കിൽനിന്ന് വീട് പണിയാനായി 16 ലക്ഷം രൂപ വായ്പ എടുത്തത്.
കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് ചന്ദ്രൻ നാട്ടിലേക്ക് തിരിച്ചെത്തിയോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. 14 ലക്ഷം രൂപ വായ്പ എടുത്തതിൽ 14 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും ഇത് പലിശയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. കോവിഡ് സമയത്തിന് മൊറട്ടോറിയത്തിന് എഴുതി കൊടുത്തെങ്കിലും ശാഖാ മേനേജർ അപേക്ഷ ഹെഡ് ഓഫിസിലേക്ക് അയച്ചില്ലെന്ന് പറയുന്നു. ഇതോടെയാണ് വായ്പ പലിശ ഇരട്ടിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നാലു ലക്ഷം രൂപ ചന്ദ്രൻ ബാങ്കിൽ അടച്ചിട്ടുണ്ട്. ഇതെല്ലാം പലിശയിൽ വരവുവെക്കുകയാണ് ചെയ്തത് എന്ന് പറയുന്നുണ്ട്. സി.പി.എം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തിനടപടിയിൽനിന്ന് പിന്തിരിഞ്ഞു.
പലിശയിനത്തിലുള്ള ലക്ഷം രൂപ ഈമാസം 17നും ബാക്കി തുക രണ്ടു മാസത്തിനുള്ളിലും അടച്ചുതീർക്കാനും പിന്നീടുള്ള തുക ഗഡുക്കളായി അടക്കാമെന്നുമുള്ള തീരുമാനത്തിലാണ് ബാങ്ക് അധികൃതർ ജപ്തിനടപടിയിൽനിന്ന് പിൻവാങ്ങിയത്. സി.പി.എം മടിക്കൈ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ശശീന്ദ്രൻ മടിക്കൈ, കെ.എം. വിനോദ്, വി. കുട്ട്യൻ, കെ. രാജൻ, ഷിബിൻ ബാലൊടി, മിഥുൻ, ജയന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.