കാസർകോട് ടൗണിൽ നടപ്പാതയിലൂടെ ഓടുന്ന ബസ്
കാസർകോട്: ദേശീയപാത തലപ്പാടി -ചെങ്കള റീച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും കാൽനടയാത്രക്കാരുടെ ദുരിതം തീരുന്നില്ല. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും നടപ്പാത തകർന്ന നിലയിലാണ്. മഴ പെയ്തതോടെ തകർച്ച പൂർണമായിട്ടുണ്ട്. സുപ്രീംകോടതിപോലും കാൽനട യാത്രക്കാരുടെ വിഷയത്തിൽ കർശനമായി ഇടപെട്ടതോടെയാണ് ദേശീയപാത അതോറിറ്റി കണ്ണുതുറന്നത്. ഇതേ തുടർന്ന് തട്ടിക്കൂട്ടി നടപ്പാതകൾ നിർമിച്ചു നൽകുകയായിരുന്നു. നടപ്പാതകൾ നിർമിക്കുന്ന സ്ഥലത്ത് കുഴിയെടുക്കാതെ ഇന്റർലോക്കുകൾ പാകിയാണ് അശാസ്ത്രീയമായി നടപ്പാതകൾ നിർമിച്ചത്. നിർമാണ സമയത്ത് തന്നെ നാട്ടുകാർ ഇതിനെ ചോദ്യംചെയ്തു. ഊരാളുങ്കൽ സർക്കാർ കമ്പനിയായതുകൊണ്ട് പരാതി ചെവിക്കൊണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വലിയതോതിലുള്ള അഴിമതി ഈ നിർമാണത്തിൽ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇടുങ്ങിയ സർവിസ് റോഡായതുകൊണ്ട് തന്നെ ഒന്നോ രണ്ടോ വാഹനങ്ങൾ ഒരുമിച്ച് വരുന്നത് മൂലം വാഹനങ്ങൾ നടപ്പാതയിൽ കയറുന്നതും തകർച്ചക്ക് ആക്കം കൂട്ടുന്നുണ്ട്. ബസുകൾ വരെ അമിതവേഗതയിൽ വാഹനങ്ങളെ മറികടക്കാൻ നടപ്പാതയിൽ കയറുന്നുവെന്നാണ് പരാതി. ഇത് ഇന്റർലോക്ക് തകർച്ചക്കും നടപ്പാത തകർച്ചക്കും കാരണമാവുന്നുണ്ട്. അതിനിടെ ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിശോധിക്കുന്നതിനായി അതോറിറ്റിയുടെ ഉന്നത തല വിദഗ്ധസംഘം കാസർകോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞവർഷം മധ്യത്തോടെ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നിനും പരിഹാരമായിട്ടില്ല. നിർമാണത്തിൽ ഇരിക്കുന്ന ചെർക്കള- നീലേശ്വരം റീച്ചിൽ പലഭാഗത്തും ഇപ്പോഴും മണ്ണടിച്ചിൽ തുടരുന്നുമുണ്ട്. മഴ കനക്കുന്നതോടെ ഇവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത വളരെയേറെയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.