ഖദീജയെ തട്ടിത്തെറിപ്പിച്ചത് ചികിത്സതേടി മടങ്ങുമ്പോൾ

തൃക്കരിപ്പൂർ: കഴിഞ്ഞ രാത്രി പയ്യന്നൂർ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഉടുമ്പുന്തലയിലെ വീട്ടമ്മ ഖദീജ അപകടത്തിൽപെട്ടത് ആശുപത്രിയിൽനിന്ന് മടങ്ങുന്നതിനിടെ. തായിനേരിയിലെ മകളുടെ വീട്ടിൽനിന്ന് മകൻ അക്ബറിന്റെ ഓട്ടോയിലാണ് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന മകൾ സുഹറാബി (35), പേരക്കുട്ടി ഹന ഫാത്തിമ (10) എന്നിവർക്കും പരിക്കേറ്റു.

മകൻ മറ്റൊരിടത്തേക്ക് പോയി എത്താൻ വൈകിയപ്പോൾ വേറെ ഓട്ടോ പിടിച്ച് മടങ്ങുകയായിരുന്നു. കാലിൽ ബാൻഡേജ് മാറ്റിക്കെട്ടാനാണ് ആശുപത്രിയിൽ പോയത്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന കാർ ഓട്ടോയെ ഇടിച്ചുതകർത്തത്. ഓട്ടോയിൽ ഇടിച്ചിട്ടും മുന്നോട്ടുനീങ്ങിയ കാർ രണ്ടു ബൈക്കുകൾ കൂടി തട്ടിത്തെറിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് കാർ നിർത്തിയത്.

ബി.കെ.എം ജങ്ഷൻ ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണംവിട്ട് പാഞ്ഞുവരുകയായിരുന്നു. കാറിന്റെ വരവുകണ്ട് പലരും നടപ്പാതയിൽനിന്നുവരെ ഒടിമാറിയതായി ദൃക്സാക്ഷികൾ പറയുന്നു. തേജസ്സ് വസ്ത്രാലയക്ക് സമീപത്ത് എതിരെവന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഖദീജയെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിർത്തിയ കാറിൽനിന്ന് മൂന്നുപേർ ഇറങ്ങിയോടി. നീലേശ്വരം ചായ്യോത്ത് സ്വദേശി കെ.വി. അഭിജിത്തിനെ (25) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഓട്ടോ ഡ്രൈവർ കുഞ്ഞിമംഗലത്തെ എം. അനീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - road accident in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.