ഓപ്പറേഷൻ തൂഫാൻ: കാസർകോട് നിരവധി പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: ഓപറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയിലായി. രണ്ട് ദിവസങ്ങളിലായി ലഹരി മാഫിയക്കെതിരെ പൊലീസ് പരിശോധന ശക്തമാണ്. വിദ്യാലയങ്ങൾ തുറന്നതോടെ കുട്ടികൾക്ക് ലഹരി എത്തിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി.

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നിരവധി യുവാക്കളെ കഴിഞ്ഞദിവസം വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടി കേസെടുത്തു. ലഹരി പ്രതികളെ പിടികൂടാനാണ് പൊലീസ് ഓപറേഷൻ തൂഫാനുമായി രംഗത്തിറങ്ങിയത്.

ഹോസ്ദുർഗ്, ബേക്കൽ, നീലേശ്വരം, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് ബീഡി ഉപയോഗിച്ച നിരവധി പേർക്കെതിരെ കേസെടുത്തു. രാജപുരം, അമ്പലത്തറ, ചന്തേര, ചീമേനി, കുമ്പള, ചിറ്റാരിക്കാൽ പൊലീസ് ലഹരി വസ്തുക്കൾ പിടികൂടി കേസെടുത്തു.

മേൽപറമ്പ പൊലീസ് ലഹരി ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന ലഹരി ഗുളികകളാണ് പിടികൂടിയത്. പാൻ മസാല പാക്കറ്റുകൾ ഉൾപ്പെടെ ലഹരി പാക്കറ്റുകൾ വ്യാപകമായി പിടികൂടുന്നുണ്ട്. മംഗലാപുരത്തുനിന്നുമാണ് പാൻ മസാലകൾ വ്യാപകമായി ജില്ലയിലേക്കെത്തിക്കുന്നത്. ചെറിയ വിലക്ക് മംഗലാപുരത്തുനിന്ന് ലഭിക്കുന്ന പാൻ മസാലകൾ പത്തിരട്ടി വിലക്കാണ് വിൽക്കുന്നത്. പാൻമസാലകൾ വിൽപന നടത്തുന്ന കടകൾ പൊലീസ് നിരീക്ഷണത്തിലാണ്. കഞ്ചാവ് ബീഡി ജില്ലയിൽ സുലഭമാണ്. ഇവ ഉപയോഗിക്കുന്നതിൽ കൂടുതലും കൗമാരപ്രായക്കാരാണ്. എം.ഡി.എം.എ കടത്തു സംഘങ്ങൾക്കെതിരെയും തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടപടിയുണ്ടാവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിയമം ലംഘിച്ച് സ്കൂൾ സമയങ്ങളിൽ ഓടിയ നാല് ടിപ്പർ ലോറി കളെ പൊലീസ് പിടികൂടി കേസെടുത്തു.

Tags:    
News Summary - Operation Tufan: Many people taken into police custody in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.