നീലേശ്വരം ഹൈവേ പൊടിയിൽ മുങ്ങിയ നിലയിൽ
നീലേശ്വരം: മഴ മാറിനിന്നതോടെ നീലേശ്വരം ഹൈവേ റോഡ് പൊടിയിൽ മുങ്ങി. പൊടി തിന്നുമടുത്ത ഹൈവേയിലെ വാഹന യാത്രക്കാർ ആരോട് പരാതി പറഞ്ഞാൽ പരിഹാരമാവുമെന്നാണ് ചോദിക്കുന്നത്. സഹിക്കാവുന്നതിൽ അപ്പുറമാണ് ഇപ്പോൾ നീലേശ്വരം യാത്ര. നിടുങ്കണ്ട മുതൽ മാർക്കറ്റ് ജങ്ഷൻ വരെയുള്ള യാത്രയിൽ വായും മൂക്കും പൊത്തിയാണ് യാത്രക്കാർ വാഹനത്തിലിരുന്ന് യാത്ര ചെയ്യുന്നത്.
നിടുങ്കണ്ട മുതൽ കോട്ടപ്പുറം റോഡ് ജങ്ഷൻ വരെ ഹൈവേ റോഡ് പൂർണമായും തകർന്നു. കല്ലും ടാറിങ്ങും തകർന്ന് ഇല്ലാതായതോടെ റോഡ് തന്നെ ചെമ്മൺ പാതയായായി മാറി. ഇങ്ങനെയുള്ള റോഡിൽ കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിയിൽ മുങ്ങാതെ യാത്ര ചെയാൻ കഴിയില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരാണ് പൊടിശല്യം മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്. വെളുത്ത വസ്ത്രങ്ങൾ ധരിച്ചവരുടെ വസ്ത്രങ്ങൾക്ക് കളർ മാറ്റം സംഭവിക്കുന്നു. തകർന്നുതരിപ്പണമായ റോഡിൽ നടുവൊടിയുന്ന യാത്രക്ക് പുറമെ ഇപ്പോൾ പൊടിയുംതിന്ന് യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതാണ് നീലേശ്വരം ഹൈവേ. പൊടിശല്യം മൂലം ദേശീയ പാതയോരത്തെ വ്യാപാരസ്ഥാപങ്ങളുടെ മുറിയിൽ സൂക്ഷിച്ച സാധനങ്ങൾക്ക് മുകളിൽ പൊടി പറ്റിപിടിക്കുന്ന അവസ്ഥയാണ്. സമീപത്തെ വീടുകളിലെ അടുക്കള മുറിയിൽവരെ പൊടിപാറി എത്തുന്നുണ്ട്. പുതിയ ദേശീയപാത നിർമാണം നീലേശ്വരം റീച്ചിൽ ഒച്ചിന്റെ വേഗതയിലാണ് നടക്കുന്നത്. പൊടിതിന്ന് എത്രകാലം ഇങ്ങനെ സഞ്ചരിക്കേണ്ടി വരുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.