ദേശീയപാത തലപ്പാടി-ചെങ്കള ഭാഗത്തെ പ്രവൃത്തിയുടെ ആകാശ ദൃശ്യം. കാസർകോട് മേൽപാലത്തിന്റെ ഭാഗത്തുനിന്നുള്ളത്
കാസർകോട്: ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ജില്ലയിൽ കൂടുതൽ അടിപ്പാതകൾക്ക് സാധ്യതയേറി. നാടിനെ രണ്ടായി മുറിച്ച് പാത കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രദേശങ്ങളിൽ അടിപ്പാതകൾ ആവശ്യപ്പെട്ട് സമ്മർദം ശക്തമായതോടെയാണിത്. അതിനിടെ, പെരിയയിൽ അടിപ്പാത തകർന്നു വീണത് പ്രവൃത്തി മന്ദഗതിയിലാക്കുമെന്ന ആശങ്കയുമുയർന്നു.
തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്റർ, ചെങ്കള മുതൽ നീലേശ്വരം വരെ 37.268 കിലോമീറ്റർ, നീലേശ്വരം മുതൽ തളിപ്പറമ്പ് വരെ 40.11 കിലോമീറ്റർ ഇങ്ങനെയാണ് ജില്ലയിലൂടെ കടന്നുപോകുന്ന വിവിധ റീച്ചുകൾ. കഴിഞ്ഞ ആഗസ്റ്റ് 31വരെയുള്ള പുരോഗതി കണക്കിലെടുത്ത് താരതമ്യേന മന്ദഗതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. എന്നാൽ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പ്രവൃത്തിയിൽ ഏറെ പുരോഗതിയുണ്ടായെന്നാണ് കരാർ കമ്പനികളുടെ അവകാശവാദം. ഇതിനിടെയിലാണ് പെരിയയിൽ അടിപ്പാത തകർന്നുവീണത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഗുണനിലവാര വിഷയവും പ്രവൃത്തി ഇനിയും വൈകിപ്പിക്കുമെന്നാണ് സൂചന. അടിപ്പാത തകർന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കേന്ദ്ര മന്ത്രിക്ക് ഇതിനകം പോയത്. അതിനിടെ, കൂടുതൽ അടിപ്പാതകളെന്ന ആവശ്യം ശക്തമായി. പലയിടത്തും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. തലപ്പാടി- ചെങ്കള റീച്ചിൽ 11 അടിപ്പാതകൾക്കാണ് നിലവിൽ അനുമതിയുള്ളത്.
ഇതിനു പുറമെ കൂടുതൽ പാതകൾക്കു കൂടി തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ എണ്ണം അടുത്ത ദിവസങ്ങളിലേ ലഭിക്കുകയുള്ളൂവെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
തലപ്പാടി- ചെങ്കള റീച്ചിൽ പ്രവൃത്തി സമയബന്ധിതമായാണ് നടക്കുന്നതെന്നും ഇവർ പറഞ്ഞു. കാസർകോട് മേൽപാലത്തിന്റെ 30 തൂണുകളിൽ ഏഴ് എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. ബാക്കിയുള്ളതിന്റെ പ്രവൃത്തിയുടെ അന്തിമ ഘട്ടത്തിലാണെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.