ദേശീയപാത അതോറിറ്റി കൺസൾട്ടന്റും സംഘവും നീലേശ്വരം ദേശീയ പാത സ്ഥലപരിശോധന നടത്തുന്നു
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബീരിച്ചേരി (265), വെള്ളാപ്പ് റോഡ് (266) റെയിൽവേ മേൽപാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) ജനറൽ മാനേജർ എം. അൻസാറും സംഘവും സ്ഥലം സന്ദർശിച്ചു.
റെയിൽവേ മേൽപാലങ്ങൾക്കായി വർഷങ്ങൾക്ക് മുമ്പുതന്നെ ഡി.പി.ആർ തയറായെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി അംഗീകാരം നീളുകയാണ്. തൃക്കരിപ്പൂർ നഗരത്തെ കുരുക്കിട്ടിരിക്കുന്ന റെയിൽവേ ഗേറ്റിൽ നിന്നുള്ള മോചനത്തിനായി പൗരസമിതിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്.
2018ൽ അലൈൻമെന്റ് തയാറാക്കിയ ശേഷം സ്ഥലത്ത് പുതുതായി പണിത കെട്ടിടങ്ങളും സ്ഥലമേറ്റെടുപ്പിലെ സാമൂഹികാഘാതവും നേരിൽകണ്ട് പഠിക്കാനാണ് ജനറൽ മാനേജരും സംഘവും എത്തിയത്. ജനറൽ മാനേജരുമായി കർമസമിതി ഭാരവാഹികൾ ബന്ധപ്പെട്ടതിൽ 27ന് എറണാകുളം ഓഫിസിൽ വിശദ ചർച്ച നടത്താൻ തീരുമാനിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, സീനിയർ മാനേജർ കെ. അനീഷ് കുമാർ, പ്രൊജക്ട് എൻജിനീയർ അനിൽ കുമാർ, ഡ്രാഫ്റ്റ്സ്മാൻ ഹരികുമാർ, മാനേജർ അൽത്താഫ് എന്നിവരും ഉണ്ടായിരുന്നു. ഉദ്യേഗസ്ഥ സംഘം ഉദിനൂർ മേൽപാലത്തിന്റെ സ്ഥലവും സന്ദർശിച്ചു. നീലേശ്വരം പാലം പരിശോധിക്കാൻ 24ന് ഐ.ഐ.ടി സംഘം എത്തും.
നീലേശ്വരം: നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ആകാശപാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി ദേശീയപാത അതോറിറ്റി കൺസൾട്ടന്റും സംഘവും സ്ഥലപരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടാണ് ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് മല്ലികാർജുനയും സംഘവും സ്ഥല പരിശോധന നടത്തിയത്. അതേസമയം നീലേശ്വരം പഴയ പാലത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ വെള്ളിയാഴ്ച ചെന്നൈ ഐ.ഐ.ടി സംഘം എത്തുമെന്ന് മല്ലികാർജുന അറിയിച്ചു.
നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഇ. ഷജീർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സതീശൻ, കൗൺസിലർമാരായ ഒ.കെ. സതി, സേതു ബങ്കളം, അഡ്വ. കെ.പി. നസീർ, ഭാസ്കരൻ ആനച്ചാൽ തുടങ്ങിയവർ ഉദ്യോഗസംഘവുമായി സംസാരിച്ചു. മല്ലികാർജുനക്കൊപ്പം ഉദ്യോഗസ്ഥരായ ശ്രീനിവാസ്, ബാലകൃഷ്ണ, അപ്പാച്ചി എന്നിവരും ഉണ്ടായിരുന്നു. നഗരസഭയും അഡ്ഹോക് കമ്മിറ്റിയും ദേശീയ പാത അതോറിറ്റിക്ക് നിരന്തരം നൽകിയ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് അധികൃതർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.