കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയെ പിടികൂടാൻപോയ പൊലീസിനു നേരെ ആക്രമണം. യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്ത കേസിലെ പ്രതി ഉപ്പള മണിമുണ്ടയിലെ സുഹൈൽ എന്ന ഉത്തു (30) ആണ് അറസ്റ്റിലായത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊളവയൽ സ്വദേശി ഷഹദിനെ കഴിഞ്ഞ മാർച്ച് നാലിന് തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാനിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ജിജേഷ്, ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗമായ എസ്.ഐ അബൂബക്കർ, എ.എസ്.ഐ ഷാജു, പൊലീസ് ഉദ്യോഗസ്ഥരായ തോമസ്, നികേഷ്, ഷജീഷ് എന്നിവരും ചേർന്ന് സുഹൈൽ താമസിക്കുന്ന ഉപ്പള മണിമുണ്ടയിലുള്ള വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
പ്രതി വീടിന്റെ പിറകുവശം വാതിൽ തുറന്ന് ഓടി, 100 മീറ്ററോളം സ്ക്വാഡ് അംഗങ്ങൾ പിറകെ ഓടി. പിടികൂടാൻ ശ്രമിക്കവെ സുഹൈലും ബന്ധുക്കളായ രണ്ട് സ്ത്രീകളും അവിടെയുണ്ടായിരുന്ന മറ്റു രണ്ടുപേരും ചേർന്ന് പ്രതിരോധിക്കുകയും സുഹൈൽ ഇരുമ്പുവടികൊണ്ട് പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസുദ്യോഗസ്ഥരായ നികേഷ്, തോമസ്, ഷജീഷ് എന്നിവർക്ക് പരിക്കുപറ്റി. എസ്.ഐ അബൂബക്കറിന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് സുഹൈൽ, മാതാവ്, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.