അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലെ സർവിസ് റോഡ് നാട്ടുകാർ ഉപരോധിക്കുന്നു

അടിപ്പാത കിട്ടിയേ തീരൂ; സർവിസ് റോഡ് ഉപരോധിച്ച് നാട്ടുകാർ

കാഞ്ഞങ്ങാട്: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സർവിസ് റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ.ദേശീയപാത അതോറിറ്റിയുടെ പ്രതികൂല നിലപാടിനെതിരെയാണ് നാട്ടുകാരെ അണിനിരത്തി ആക്ഷൻ കമ്മിറ്റി ഐങ്ങോത്ത് മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ ദേശീയപാതയുടെ സർവിസ് റോഡുകൾ ഉപരോധിച്ചത്.

കാഞ്ഞങ്ങാട് സൗത്ത്, ഐങ്ങോത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ഏതാനും മാസമായി പ്രദേശത്തെ കുട്ടികളും അമ്മമാരുമടക്കം പങ്കെടുത്ത പ്രതിഷേധങ്ങൾ നടന്നുവരുകയാണ്.

ഇന്നലെ സർവിസ് റോഡിന്‍റെ പണിതുടങ്ങിയതറിഞ്ഞാണ് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധ സമരം നടത്തിയത്. സ്കൂൾ, ക്ഷേത്രങ്ങൾ, പള്ളികൾ ഉൾപ്പെടെ പൊതുജന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് റോഡ് മുറിച്ചുകടക്കുന്നതിന് അടിപ്പാത നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഉപരോധ സമരം ആക്ഷൻ കമ്മിറ്റിയംഗം വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ പനങ്കാവ് അധ്യക്ഷത വഹിച്ചു.

വിവിധ കക്ഷി നേതാക്കളായ പി.വി. സുരേഷ്, എ. ശബരീശൻ, കെ.സി. പീറ്റർ, ഗംഗാധരൻ കൊവ്വൽ, എ. മോഹനൻ നായർ, കൗൺസിലർ എം. പ്രഭാവതി എന്നിവർ സംസാരിച്ചു. പി. സുശാന്ത് സ്വാഗതം പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞ് കരാറുകാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    
News Summary - Locals blocked the service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.