സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് ജി​ല്ല പ്ര​ഖ്യാ​പ​നം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജെ​ഗ്ഗി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ജില്ല; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി കാസർകോട്

കാസർകോട്: അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്ത് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നേട്ടം സ്വന്തമാക്കി. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് എത്തുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത് വിജയമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തില്‍ പ്രഖ്യാപനം നടത്തുന്ന ആദ്യ ജില്ലയാണ് കാസര്‍കോട്. 11 പൊതുമേഖല ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും മേഖല റൂറല്‍ ബാങ്കും കേരള ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 26 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്.

മൊത്തം 276 ശാഖകൾ. ഈ ബാങ്കുകളിലുള്ള 18.62 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കടക്കുന്നത്.യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ഇ.പി.എസ് ആൻഡ് പി.ഒ.എസ് സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.

കേരള ബാങ്ക് ഹാളില്‍ നടന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല പ്രഖ്യാപന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ജെഗ്ഗി പോള്‍ ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മേഖല ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സ് പ്രഖ്യാപനം നിര്‍വഹിച്ചു. എസ്.എല്‍.ബി.സി കണ്‍വീനറും കനറാ ബാങ്ക് തിരുവനന്തപുരം ജനറല്‍ മാനേജരുമായ എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.

ആര്‍.ബി.ഐ എ.ജി.എം പ്രദീപ് മാധവ്, നബാര്‍ഡ് എ.ജി.എം കെ.ബി. ദിവ്യ, എസ്.ബി.ഐ റീജനല്‍ മാനേജര്‍ ധനഞ്ജയ മൂര്‍ത്തി, കേരള ബാങ്ക് ഡി.ജി.എം കെ. കൃഷ്ണന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജനല്‍ മാനേജര്‍ വി.എം. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കനറാ ബാങ്ക് റീജനല്‍ ഓഫിസ് കാസര്‍കോട് എ.ജി.എം എച്ച്. ശശിധര്‍ ആചാര്യ സ്വാഗതവും ലീഡ് ബാങ്ക് ജില്ല മാനേജര്‍ എന്‍.വി. ബിമല്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kasaragod as a fully digital banking district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.