മുട്ടംഗേറ്റിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ചേർന്ന
കർമസമിതി രൂപവത്കരണ യോഗം
മുട്ടം: ജനങ്ങളുടെ പ്രയാസങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ദേശീയപാത മുട്ടംഗേറ്റിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും ഉയർന്നുവരുന്ന കോൺക്രീറ്റ് മതിലുകൾ മഞ്ചേശ്വരം താലൂക്കിലെ പല പ്രദേശങ്ങളെയും ഒറ്റപ്പെടുത്തുകയാണ്. ദേശീയ പാതയിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ കൂടുതൽ ദൂരം താണ്ടേണ്ട അവസ്ഥയാണ്.
വികസനം വരുമ്പോൾ ജനങ്ങൾക്ക് പിന്നാക്കം പോകേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പരാതി പറയുന്നു. ദേശീയപാതയുടെ പടിഞ്ഞാറുവശത്തുള്ള പെരിങ്കടി, ബേരിക്കെ, ബത്തേരി, ഷിരിയ എന്നീ പ്രധാനപ്പെട്ട പ്രദേശങ്ങളും മുട്ടം, ഷിരിയ, ഒളയം എന്നീ കിഴക്ക് വശമുള്ള പ്രദേശങ്ങളും വരാനിരിക്കുന്ന ദേശീയപാത വികസനത്തിൽ ഒറ്റപ്പെട്ടുപോകുന്നു. ഈ പ്രദേശവാസികളിൽ പലർക്കും ഇനി ഷിരിയ സ്കൂൾ, കുനിൽ സ്കൂൾ, റേഷൻ കട, ഹെൽത്ത് സെന്റർ, അമ്പലങ്ങൾ, പള്ളികൾ, മദ്റസകൾ, ക്ലബുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാകും.
നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഏക ആശ്രയം മുട്ടമാണ്. ദേശീയപാത അതോറിറ്റി ഇക്കാര്യം പരിഗണിക്കണമെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും അവരെ വികസനത്തിന്റെ ഭാഗമാക്കണമെന്നും ആക്ഷൻ കമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു.
പ്രശ്നബാധിത മേഖലയിലെ ജനപ്രതിനിധികളെ രക്ഷാധികാരികളാക്കി കർമസമിതി രൂപവത്കരിച്ചു. യോഗത്തിൽ ഫാറൂഖ് ഷിരിയ, സുധീർ ഷെട്ടി, അഷ്റഫ് മുട്ടം, ശശി, എം. സുരേഷ്, അബ്ദു നാസർ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ബായാർ സ്വാഗതവും രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ ഉമർ അപ്പോളോ(ചെയർമാൻ), ശശി മുട്ടം, ഫാറൂഖ് ഷിരിയ, പ്രകാശ് ഷിരിയ, എം.എച്ച്. ഹനീഫ്, ജയന്തി(വൈസ് ചെയർമാൻമാർ). അഷ്റഫ് ബായാർ(കൺവീനർ), കെ.കെ. സുരേഷ്, ബഷീർ ഗ്രീൻലാൻഡ്, രാഘവൻ, കെ.കെ. ഹനീഫ്, ഹരീഷ് ബേരികെ, അഷ്റഫ് മുട്ടം(ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.