ദയാബായിയുടെ സെക്രട്ടേറിയറ്റ് സമരത്തിനു മുന്നോടിയായി കാസർകോട് നടന്ന വാഹനജാഥ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: കാസർകോടിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹിക പ്രവർത്തക ദയാബായി ആഗസ്റ്റ് ആറ് ഹിരോഷിമ ദിനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന്റെ ഭാഗമായി വാഹനറാലി നടത്തി. സമരസംഘാടക സമിതിയുടെ നേതൃത്വത്തിൽ ബൈക്ക്, കാർ, ജീപ്പ്, ഓട്ടോറിക്ഷ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ റാലിയിൽ അണിചേർന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ റാലി ഉദ്ഘാടനം ചെയ്തു. സമരനായിക ദയാബായി വാഹനറാലിക്ക് അഭിവാദ്യമർപ്പിച്ചു. സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ കരീം ചൗക്കി, വൈസ് ചെയർമാൻ സുബൈർ പടുപ്പ്, പ്രമീള മജൽ, സൂര്യ നാരായണ ഭട്ട്, ട്രഷറർ ഷാഫി കല്ലുവളപ്പ്, അബ്ദുറഹ്മാൻ ബന്ദിയോട്, ഷിനി ജെയ്സൺ, ചന്ദ്ര ശേഖരൻ നായർ, മുരളി മാനടുക്കാം, ശുക്കൂർ കണാജേ, ഹമീദ് ചേരൻകൈ, മുനീർ കൊവ്വൽ പള്ളി, സീതി ഹാജി തുടങ്ങിയവർ സംസാരിച്ചു.
എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേരുകൂടി ചേർക്കുക, ഉക്കിനടുക്ക മെഡിക്കൽകോളജ്, ജില്ല ആശുപത്രി, ജനറൽ ആശുപത്രി, ടാറ്റാ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.