ജയ് ജയ് സിന്ദാബാദ്...; തെരഞ്ഞെടുപ്പ് ജാഥകള്‍ക്ക് കോടതി ഉത്തരവുകൾ ബാധകം

കാസർകോട്: ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിലേക്ക് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ഹൈകോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. ലോക്കല്‍ പൊലീസിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിലേക്കായി പരിപാടിയുടെ സംഘാടകര്‍ ലോക്കല്‍ പൊലീസ് അധികാരികളെ പരിപാടിയെ സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കണം.

ജാഥ കടന്നുപോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകര്‍ പരിശോധിക്കണം. ഈ നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കിനൽകിയിട്ടില്ലെങ്കില്‍ അവ കൃത്യമായി പാലിക്കുകയും വേണം. ഗതാഗതനിയന്ത്രണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണം. ഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധത്തില്‍ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ജാഥ ദൈര്‍ഘ്യമേറിയതാണെങ്കില്‍ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം.

ജാഥകള്‍ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പൊലീസിന്റെ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാർഥികളോ ഒരേസമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചില ഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടുനടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും പാടില്ല.

Tags:    
News Summary - Court orders apply to election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.