representation image

കാസർകോട് ജില്ലയിൽ 60 വാര്‍ഡുകളില്‍ കിണർ കണക്കെടുപ്പ് പൂർത്തിയായി

കാസർകോട്: ഭൂജലവകുപ്പ് നടത്തുന്ന കിണർ കണക്കെടുപ്പ് ജില്ലയില്‍ 60 വാര്‍ഡുകളിൽ പൂര്‍ത്തിയായി. ഭൂജല സമ്പത്തിന്റെ സമഗ്ര വിവരം ശേഖരിക്കുന്നതാണ് പദ്ധതി.

നാഷനല്‍ ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി ചേര്‍ന്നാണ് ഭൂജലവകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക, നീലേശ്വരം ബ്ലോക്കുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. 60 വാര്‍ഡുകളില്‍ നിന്നായി 8183ഓളം സര്‍വേ പൂര്‍ത്തിയായി.

കാഞ്ഞങ്ങാട് 14789, കാറഡുക്ക 11894, മഞ്ചേശ്വരം 16607, കാസര്‍കോട് 20181, നീലേശ്വരം 18359 എന്നിങ്ങനെയാണ് കണക്കുകള്‍. ഫീല്‍ഡ്തല പരിശോധന നടത്തിയാണ് ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി നീരറിവ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. കുളങ്ങള്‍, നീരുറവകൾ, കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയുടെ വിവരങ്ങള്‍ 'നീരറിവ്' വഴി ശേഖരിക്കും.

വരുംകാലങ്ങളില്‍ ഭൂജലത്തിന്റെ ഉപയോഗം മനസ്സിലാക്കാനും ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ച് തിട്ടപ്പെടുത്താനും ഭൂജലശേഷി വര്‍ധിപ്പിക്കല്‍, ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവക്ക് പദ്ധതി സഹായിക്കും.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത മേഖലകള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്തി മുന്‍കരുതല്‍ എടുക്കാന്‍ കഴിയും വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനും കഴിയും. ജൂലൈ 21 നാണ് സര്‍വേ ആരംഭിച്ചത്.

Tags:    
News Summary - Counting of wells in 60 wards has been completed in Kasaragod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.