കര്‍ക്കടകക്കഞ്ഞിക്ക് ആവശ്യക്കാരേറെ; ഒരാഴ്ചക്കകം ലഭിച്ചത് 96,293 രൂപ

കാസർകോട്: വിദ്യാനഗറില്‍ കലക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ക്കടകക്കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം. ദിവസേന ഇരുനൂറോളം പേരാണ് ഫെസ്റ്റിലേക്ക് സന്ദര്‍ശകരായി എത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങളും ഫെസ്റ്റിലെത്തുന്നു. ജൂലൈ 25ന് ആരംഭിച്ച മേള ആഗസ്റ്റ് അഞ്ചിന് അവസാനിക്കാനിരിക്കെ ഇതിനകം നേടിയത് 96,293 രൂപ. ഇതില്‍ കര്‍ക്കടകക്കഞ്ഞിക്ക് മാത്രമായി 63,000 രൂപയും ട്രേഡ് ഫെയറില്‍ 33,293 രൂപയും നേടാനായി. ആദ്യദിനമായ ജൂലൈ 25ന് നേടിയത് 6035 രൂപയായിരുന്നു. ആഗസ്റ്റ് ഒന്നിന് 21,625 രൂപയായി. അവസാന ദിനങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ജില്ല മിഷന്‍. കര്‍ക്കടകക്കഞ്ഞി ഉച്ച 12.30 മുതല്‍ ലഭ്യമാവും. 40 രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. മുളയരി പായസത്തിന് 30 രൂപയും ചക്കപ്പായസത്തിന് 20 രൂപയുമാണ് വില. ഫോട്ടോ: കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ക്കടകക്കഞ്ഞി മേള പ്രവാസി പുനരധിവാസ വായ്പ കാസർകോട്: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ താമസിക്കുന്ന റീ ടേണ്‍ പ്രവാസി പുനരധിവാസ വായ്പ പദ്ധതിപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് കേരളസംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്റെ റീ ടേണ്‍ വായ്പ പദ്ധതിയുടെ അപേക്ഷ കോര്‍പറേഷന്റെ ഓഫിസുകളില്‍ നേരിട്ട് സ്വീകരിക്കുന്നു. അപേക്ഷഫോറം നോര്‍ക്ക റൂട്ട്സിന്റെ വൈബ്സൈറ്റ് (www.norkaroots.org) അല്ലെങ്കില്‍ കെ.എസ്.ബി.സി.ഡി.സിയുടെ വെബ്സൈറ്റില്‍ (www.ksbcdc.com) നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ ഫോറത്തോടൊപ്പം കുറഞ്ഞത് രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്തുവെന്ന് തെളിയിക്കുന്നതിനാവശ്യമായ പാസ്പോര്‍ട്ട് രേഖയും (പാസ്പോര്‍ട്ട് ഫോട്ടോ പതിപ്പിച്ച പേജ്, അഡ്രസ് പേജ്, വിദേശത്തേക്ക് പുറപ്പെട്ട തീയതി, വര്‍ഷം സൂചിപ്പിക്കുന്ന പേജ്, വിദേശത്ത് നിന്ന് നാട്ടില്‍ സ്ഥിരമായി മടങ്ങിവന്നത് തെളിയിക്കുന്ന സീല്‍ ചെയ്ത പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) ലഭ്യമായ കെ.വൈ.സി രേഖകള്‍ക്കൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം കെ.എസ്.ബി.സി.ഡി.സിയുടെ ജില്ല ഓഫിസില്‍ നല്‍കണം. ഫോണ്‍: 04994-227060, 227062, 9447730077.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.