തൃക്കരിപ്പൂർ: നിർദിഷ്ട തീരദേശ ഹൈവേയുടെ ജില്ലയിലെ ദൈർഘ്യം 91 കിലോമീറ്റർ എന്ന് സർവേ റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ രാമന്തളി രണ്ടുതെങ്ങ് കടവുമുതൽ വലിയപറമ്പ പഞ്ചായത്തിലെ 12 കിലോമീറ്റർ വരെ ദൂരത്തിലുള്ള പ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളാണ് ലഭ്യമായത്. വിശകലനത്തിൽ 70 കെട്ടിടങ്ങൾ ഭാഗികമായോ പൂർണമായോ പൊളിച്ചുനീക്കേണ്ടിവരും. പന്ത്രണ്ടിൽ മുതൽ പുലിമുട്ട് വരെ ബീച്ച് റോഡിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഈ ഭാഗങ്ങളിൽ കെട്ടിടങ്ങൾ അധികമില്ല. ഈ സർവേ പ്രകാരം വിശദ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേ നിർമിക്കുന്നത‌്. ജില്ലയിൽ വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കുഞ്ചത്തൂർ വരെ 91 കിലോമീറ്ററാണ്. അഞ്ച് പുതിയ പാലങ്ങളും നിർമിക്കും. ഇതിൽ 11 കിലോമീറ്റർ സംസ്ഥാനപാതയും 16 കിലോമീറ്റർ ദേശീയപാതയും ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ 21.1 കിലോമീറ്റർ നീളത്തിലാണ് റോഡ് കടന്നുപോകുന്നത്. പാണ്ട്യാല കടവിലും അഴിത്തലയിലും രണ്ട് പുതിയ പാലങ്ങൾ നിർമിക്കും. രാമന്തളി രണ്ടുതെങ്ങ് മുതൽ വലിയപറമ്പിലെ പാണ്ട്യാല കടവ് വരെ 450 മീറ്ററിലും മാവിലാക്കടപ്പുറം പുലിമുട്ട് മുതൽ അഴീത്തല വരെ 280 മീറ്റർ നീളത്തിലും രണ്ട് പാലങ്ങളാണ് നിർമിക്കേണ്ടത്. ഉദിനൂർ കടപ്പുറം വരെ മാത്രമാണ് നിലവിൽ റോഡുള്ളത്. തെക്ക് പൂച്ചാൽ കടപ്പുറത്ത് ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ തോണിയെ ആശ്രയിക്കുന്ന മേഖലയാണ്. ജനപ്രതിനിധികളും സർവകക്ഷിയംഗങ്ങളും കേരള റോഡ്സ് ഫണ്ട് വിഭാഗവും ചേർന്ന് ഹൈവേ കടന്നുപോകുന്ന ത്രിമാന സർവേ ദൃശ്യങ്ങൾ പരിശോധിച്ചു. എം. രാജഗോപാലൻ എം.എൽ.എ, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, വൈസ് പ്രസിഡന്റ് പി. ശ്യാമള, സി. നാരായണൻ, കെ.പി. ബാലൻ, പി.കെ.സി. കുഞ്ഞബ്ദുല്ല, മധു കാരണത്ത്, കെ. ഭാസ്കരൻ, കെ. അശോകൻ, എം. ഭാസ്കരൻ, സി.വി. കണ്ണൻ, വി.വി. ഉത്തമൻ, സി. കുമാരൻ, ഒ.കെ. ബാലകൃഷ്ണൻ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ സി. സജിത്ത്, കെ. രാജേഷ്, പദ്ധതി ഓഫിസർ ആർ. രാഹുൽ എന്നിവർ പങ്കെടുത്തു. tkp m rajagopal mla നിർദിഷ്ട തീരദേശ ഹൈവേ ആശങ്ക പരിഹരിക്കുന്നതിന് ചേർന്ന സർവകക്ഷിയോഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.