പ്ലസ്ടു: 79.33 ശതമാനം വിജയം

വിജയശതമാനവും എപ്ലസുകാരുടെ എണ്ണവും കുറഞ്ഞു വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലായി ജില്ല കാസർകോട്: പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 79.33 ശതമാനം വിജയം. ജില്ലയിലെ 106 ഹയർസെക്കൻഡറി സ്കൂളുകളിലായി പരീക്ഷയെഴുതിയ 14,648 ൽ 11,620 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 778 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവർഷം 82.64ശതമാനമായിരുന്നു ജില്ലയുടെ വിജയം. 2020 ൽ 78.68ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷം 1286പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. 14,843 പേരാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്. ഇതിൽ 14,648 പേരാണ് പരീക്ഷക്ക് ഹാജരായത്. 195പേർ പരീക്ഷക്കെത്തിയില്ല. ഇത്രയും പേർ ഒന്നിച്ച് പരീക്ഷയെഴുതാതിരിക്കുന്നത് ജില്ലയിൽ അപൂർവമാണ്. പ്ലസ്ടു വിജയശതമാനത്തിൽ പത്തനംതിട്ടയും (75.91ശതമാനം) വയനാടും (75.07ശതമാനം) ആണ് ഇത്തവണ കാസർകോടിനേക്കാൾ പിന്നിലുള്ള ജില്ലകൾ. ഓപൺ സ്കൂൾ വിഭാഗത്തിൽ 58.8ശതമാനമാണ് ജില്ലയുടെ വിജയം. പരീക്ഷയെഴുതിയ 1614ൽ 949പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസും നേടി. കഴിഞ്ഞവർഷം 59.04ശതമാനമായിരുന്നു ഓപൺ സ്കൂൾ വിജയം. കഴിഞ്ഞതവണ മൂന്നുപേർക്ക് എപ്ലസ് ഉണ്ടായിരുന്നിടത്ത് ഇത്തവണ ഏഴായി വർധിച്ചു. അതേസമയം, ഓപൺ സ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ജില്ലയുടെ വിജയശതമാനം. 91.89ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് ഓപൺ സ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമത്. വി.എച്ച്.എസ്.ഇയിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് ഇത്തവണ കാസർകോടിന്റെ സ്ഥാനം. 64.97 ആണ് ജില്ലയുടെ വിജയശതമാനം. പരീക്ഷയെഴുതിയ 1436 ൽ 933 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 73.93 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയം. പ്ലസ്ടു വിഭാഗത്തിനെ അപേക്ഷിച്ച് വിജയശതമാനത്തിൽ വലിയ കുറവാണ് വി.എച്ച്.എസ്.ഇയിൽ ഇത്തവണയുണ്ടായത്. രണ്ടു സ്കൂളുകൾക്ക് നൂറുശതമാനം വിജയം വിജയശതമാനത്തിന്റെയും എപ്ലസുകാരുടെയും എണ്ണത്തിലുമുണ്ടായ കുറവ് നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ കാര്യത്തിലും സംഭവിച്ചു. കഴിഞ്ഞവർഷം ആറു സ്കൂളുകൾ മുഴുവനാളുകളെയും വിജയിപ്പിച്ചപ്പോൾ ഇത്തവണ രണ്ടിലൊതുങ്ങി. കാസർകോട് മാർത്തോമ സ്‍പെഷൽ സ്കൂൾ, സി.എച്ച്.എം.കെ.എസ്. എച്ച്.എസ്.എസ് മട്ടമ്മൽ ഇളംബാച്ചി എന്നീ സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.