തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ഏപ്രില്‍ 10ന്

തൃക്കരിപൂർ: തൃക്കരിപ്പൂരിന്‍റെ ദീര്‍ഘനാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് ഏപ്രില്‍ 10ന് ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 11ന്​ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിലുള്ള മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരുനിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവ പാകിയാണ് മാര്‍ക്കറ്റിന്‍റെ ഉള്‍ഭാഗം നിര്‍മിച്ചത്. കെട്ടിടത്തില്‍ സൗകര്യപ്രദമായി ഇരുന്ന് മത്സ്യം വില്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ മത്സ്യം വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. പ്രത്യേകം ബ്ലോക്കുകളായി തിരിച്ചാണ് വില്‍പനക്കുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ടുപേര്‍ക്ക് വീതം വില്‍പന നടത്താന്‍ സാധിക്കും. നിലവില്‍ മുപ്പതോളം പേര്‍ക്ക് മീന്‍ വില്‍ക്കുന്നതിനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. മാര്‍ക്കറ്റിനുള്ളില്‍നിന്നുള്ള വെള്ളം ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കൂടാതെ ലൈറ്റ്, ഫാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കുമായി വിശാലമായ ശുചിമുറി സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്. ഫോട്ടോ: ആധുനിക സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.