മേയ് ഒന്നുമുതല്‍ എല്ലാ വീടുകളില്‍നിന്നും അജൈവ വസ്തുക്കള്‍ ശേഖരിക്കും

കാസർകോട്: ശുചീകരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം ശുചിത്വ കലണ്ടര്‍ പ്രകാരമുള്ള മറ്റ് അജൈവ വസ്തുക്കള്‍ ശേഖരിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. സുസ്ഥിര മാലിന്യ നിർമാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ചലനാത്മകത പകര്‍ന്ന്‌ നഗരസഭയിലെ എല്ലാ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും അജൈവ മാലിന്യങ്ങള്‍ ഹരിതകർമ സേനാംഗങ്ങള്‍ ശേഖരിച്ചുവരുകയാണ്. മേയ് ഒന്നാം തീയതി മുതല്‍ 31വരെ എല്ലാ ഭവനങ്ങളില്‍നിന്നും ഹരിതകർമ സേനാംഗങ്ങള്‍ പഴയ ചെരിപ്പ്, ബാഗ്, റക്‌സിന്‍, റബര്‍ വസ്തുക്കള്‍ എന്നിവ ശേഖരിക്കും. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, റബര്‍ വസ്തുക്കള്‍, റക്‌സിന്‍ എന്നിവ വൃത്തിയായി സൂക്ഷിച്ച് ഹരിതകർമസേനക്ക് കൈമാറണം. തുടര്‍ന്നുള്ള മാസങ്ങളില്‍ ചില്ല് മാലിന്യം, തുണിമാലിന്യങ്ങള്‍, മരുന്ന് സ്ട്രിപ്പുകള്‍, ഇ-മാലിന്യങ്ങള്‍ എന്നിവ പ്ലാസ്റ്റിക്കിനോടൊപ്പം ശേഖരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി എന്നിവർ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം മേയ് മൂന്നുമുതല്‍ ഒമ്പതുവരെ അലാമിപ്പള്ളിയില്‍ ബസുകള്‍ക്ക് നിയന്ത്രണം കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി മേയ് മൂന്നു മുതല്‍ ഒമ്പതുവരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ്​ പരിസരത്ത് നടക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാൻഡിലേക്ക്, ആഘോഷ പരിപാടികള്‍ തീരുന്നതുവരെ ബസുകള്‍ കയറിയിറങ്ങുന്നത് നിരോധിച്ചു. ദീര്‍ഘസമയം ബസ് സ്റ്റാൻഡിൽ നിര്‍ത്തിയിടുന്ന ബസുകള്‍ മാണിക്കോത്ത്, അതിഞ്ഞാല്‍, ആറങ്ങാടി, ടൗണ്‍ഹാള്‍ പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ പുതിയ ബസ് സ്റ്റാൻഡിന് വടക്കുഭാഗത്ത് റോഡരികിലും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാൻഡിന് തെക്കുഭാഗത്തുള്ള റോഡരികിലും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണം. ഗതാഗത നിയന്ത്രണവുമായി എല്ലാവരും പൂർണമായി സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ജോ. ആര്‍.ടി.ഒ എച്ച്.എസ്. ചഗ്ല, ബസുടമ പ്രതിനിധികള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.