ടി.പി.ആർ കൂടിയില്ല; ജാഗ്രത പാലിക്കാം

നിലവിൽ ആശങ്കയില്ലെങ്കിലും ജാഗ്രത ​കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കാസർകോട്: ജില്ലയിൽ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് അഞ്ചിനുതാഴെ തന്നെ. മൊത്തം രോഗികളുടെ എണ്ണം പത്തിനു താഴെയും. ആഴ്ചകളായി ഇതേ നിലക്കാണ് രോഗികളും രോഗ സ്ഥിരീകരണ നിരക്കു​മെന്നതിനാൽ നിലവിൽ ആശങ്കകളില്ല. എന്നാൽ, അപൂർവം ചിലർക്ക് നേരിയ പനിയും ജലദോഷവും തുമ്മലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി നീണ്ടുപോകാത്തതിനാൽ പരിശോധനകളും നടത്തുന്നില്ല. എന്നാൽ, വീട്ടിലെ മുതിർന്നവരുമായും മറ്റ് അസുഖങ്ങളുള്ളവരുമായി ഇവർ അകലം പാലിക്കാൻ നി​ർദേശം നൽകിയിട്ടുണ്ട്. നാലാം തരംഗ ഭീഷണിയുള്ളതിനാൽ കടുത്ത ജാഗ്രതയിലാണ് ജില്ലയിലും ആരോഗ്യ വകുപ്പ്. ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്താനാണ് നിർദേശം. കാലാവസ്ഥമാറ്റം കാരണം ചെറിയ പനി, ജലദോഷം, ചുമ, തുമ്മൽ എന്നിവ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാലാംതരംഗത്തിലെ കോവിഡ് ലക്ഷണവും ഏറക്കുറെ ഇതുതന്നെയായതിനാൽ ജാഗ്രത പുലർത്താനാണ് നിർദേശം. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തും ജാഗ്രതയുണ്ട്. ജില്ലയിൽ ആഴ്ചകളായി ഒന്നുമുതൽ അഞ്ച് വരെയാണ് രോഗ സ്ഥിരീകരണ നിരക്ക്. മൊത്തം രോഗികളുടെ എണ്ണം പത്തിനു താഴെയെത്തിയെങ്കിലും പൂജ്യത്തിലെത്തുന്ന സ്ഥിതി വരുന്നില്ല. മേയ് അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാനാണ് സാധ്യതയെന്നും മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിനാൽ അടുത്ത ദിവസം പരിശോധനയും തുടങ്ങാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.