മോക്ഷമില്ലാതെ മഞ്ചേശ്വരം ചെറുകിട ജലസേചനവകുപ്പ് ഓഫിസ്

മൂന്നു പതിറ്റാണ്ടായി കാടുപിടിച്ച വാടക കെട്ടിടത്തിൽ മഞ്ചേശ്വരം: ഓഫിസ് രൂപവത്​കരിച്ച്​ 28 വർഷം കഴിഞ്ഞിട്ടും പ്രവർത്തനം കാടുപിടിച്ച വാടക കെട്ടിടത്തിൽ. ചെറുകിട ജലസേചന വകുപ്പിന്‍റെ മഞ്ചേശ്വരം സബ് ഡിവിഷൻ ഓഫിസിനാണ് ഈ ദുരിതം. 1992ലാണ് കുമ്പള, പുത്തിഗെ, എന്മകജെ, പൈവളിഗെ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി കുമ്പള സെക്ഷനും മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി മഞ്ചേശ്വരം സെക്ഷനും രൂപവത്​കരിച്ചത്. ഇരു സെക്ഷൻ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം സബ് ഡിവിഷൻ. രൂപവത്​കരണ കാലംതൊട്ടേ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കുമ്പള സർക്കിളിന് വാടകക്കുപോലും കെട്ടിടം ഇല്ലാത്തതിനാൽ സബ് ഡിവിഷൻ ഓഫിസിൽ തന്നെയാണ് ജീവനക്കാരുടെ ജോലികൾ. പ്രവർത്തനമേഖലയായ ഭൂപ്രദേശത്തേക്ക് എത്താൻ 30-40 കിലോമീറ്ററുകൾ ദിവസവും സഞ്ചരിക്കേണ്ടി വരുന്നതും ഇവിടത്തെ ഉദ്യോഗസ്ഥരുടെ അനുഭവമാണ്. ജലസേചന വകുപ്പിനുകീഴിൽ മുമ്പ് തടയണകളുടെ വാർഷിക അറ്റകുറ്റപ്പണികളാണ് സാധാരണ ഉണ്ടായിരുന്നത്. വല്ലപ്പോഴും പുതിയ തടയണകളുടെ നിർമാണം ഈ സബ് ഡിവിഷൻ ഓഫിസിന് കീഴിൽ നടന്നിരുന്നു. കാസർകോട് വികസന പാക്കേജ് വന്നതോടെ വർഷത്തിൽ ഒരു സെക്ഷന് കീഴിൽതന്നെ 3-4 വി.സി.ബികളും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സബ് ഡിവിഷന് കീഴിൽ വികസന പാക്കേജ് വഴി വർഷത്തിൽ പത്തോളം പദ്ധതികളാണ് അധികമായി ചെയ്തുവരുന്നത്. കോടികളുടെ പദ്ധതികൾ നടപ്പിലാക്കുന്ന ഈ സർക്കാർ ഓഫിസ് പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കംചെന്ന വാടക കെട്ടിടത്തിലാണ്. സബ് ഡിവിഷൻ ഓഫിസിന് ഹൊസബെട്ടു വില്ലേജിൽ 20 സെന്‍റ്​ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ വർഷങ്ങൾക്ക് മുമ്പേ വകുപ്പ് അധികൃതർ അപേക്ഷ നൽകിയിരുന്നെങ്കിലും ചുവപ്പുനാടയിൽ വിശ്രമിക്കാനാണ് യോഗം. ഫോട്ടോ...: കാടുപിടിച്ച പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചെറുകിട ജലസേചന വകുപ്പിന്റെ മഞ്ചേശ്വരം സബ് ഡിവിഷൻ ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.