ദീർഘകാല അവധിയും പ്രതീക്ഷിച്ച്​ കാസർകോട്ട്​ വരേണ്ട

ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുക്കുന്നത്​ വിലക്കി കലക്ടറുടെ ഉത്തരവ്​ കാസർകോട്​: ദീർഘകാല അവധിയും പ്രതീക്ഷിച്ച്​ കാസർകോട് എത്തുന്ന ഉദ്യോഗസ്ഥരോട്​, തൽക്കാലം ആ ആഗ്രഹം മനസ്സിലിരിക്കട്ടെ. ജില്ലയിലെ ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുക്കുന്നത്​ വിലക്കി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത്​ രൺവീർ ചന്ദ്​ ഉത്തരവിട്ടു. ജില്ലയുടെ വിവിധ പദ്ധതിനിർവഹണ നടത്തിപ്പുപോലും മുടങ്ങുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്താണ്​ കലക്ടറുടെ ഉത്തരവ്​. ഇടുക്കി, കാസർകോട്​, വയനാട്​ ജില്ലകളിൽ നിയമനം കിട്ടുന്നവരും സ്ഥലംമാറിയെത്തുന്നവരും നിശ്ചിത കാലയളവിൽ അതതിടത്ത്​ ജോലി ചെയ്തിരിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്​കാര വകുപ്പിന്‍റെ സർക്കുലറിന്‍റെ ചുവടുപിടിച്ചാണ്​ കലക്​ടറുടെ നിർണായകനീക്കം. ജില്ലയിൽ പുതുതായി നിയമിക്കപ്പെടുന്നവരും സ്ഥാനക്കയറ്റം വഴിയോ അച്ചടക്കനടപടിയുടെ ഭാഗമായി എത്തുന്ന​വരോ ആരായാലും ചുമതലയേറ്റ അന്നുമുതൽ തിരിച്ചുപോവാനാണ്​ ശ്രമിക്കുക. പലവിധ സ്വാധീനങ്ങളാൽ സ്​ഥലംമാറ്റത്തിന്​ ശ്രമിക്കും. ജില്ലതല നിയമനം ലഭിക്കുന്നവർപോലും പ്രത്യേക ഉത്തരവ്​ സമ്പാദിച്ച്​ ജില്ല വിടു​ന്ന സ്ഥിതിയാണ്​ നിലവിൽ​. സ്ഥലംമാറ്റം ലഭിച്ചില്ലെങ്കിൽ ഡെപ്യൂട്ടേഷനോ 'വർക്ക്​ അറേഞ്ച്​മെന്‍റ്'​ വഴിയോ രക്ഷപ്പെടുന്നതാണ്​ പതിവ്​. വർക്ക്​ അറേഞ്ച്​മെന്‍റിൽ ജോലി സ്വന്തം നാട്ടിലും ശമ്പളബില്ലുകൾ ജില്ലയുടെ കണക്കിലുമാണുണ്ടാവുക. ഇവരുടെ ഒഴിവിൽ പകരമൊരാളെ നിയമിക്കാനും കഴിയില്ല. ഇങ്ങനെ ഒട്ടേറെ ഉദ്യോഗസ്ഥരുടെ ഒഴിവ്​ ജില്ലയിലെ വിവിധ വകുപ്പുകളിലുണ്ട്​. ഇത്തരം സ്ഥലംമാറ്റമൊന്നും നടക്കാതെ വരുമ്പോഴാണ്​ ദീർഘകാല അവധിയെടുക്കുന്നത്​. ജില്ലയിൽ താരതമ്യേനെ തദ്ദേശവാസികളായ ഉദ്യോഗസ്ഥർ വളരെ കുറവാണ്​. 35ഓളം ജില്ലതല ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഇതര ജില്ലയിൽനിന്നുള്ളവരാണ്​. ഇക്കാരണത്താൽ പല വകുപ്പുകളുടെയും പ്രവർത്തനംതന്നെ തടസ്സപ്പെടുന്ന സ്ഥിതിയാണ്​. അവധിയെടുത്തുപോകുന്ന പദ്ധതിനിർവഹണ ഉദ്യോഗസ്ഥര്‍, പദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ജില്ലയില്‍ നിശ്ചിത കാലയളവില്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍ തുടരണമെന്ന്​ കലക്ടര്‍ ഉത്തരവിട്ടു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാല അവധി എടുക്കുന്നതെങ്കില്‍ കലക്ടറുടെ അനുവാദം തേടണമെന്നും അറിയിക്കണമെന്നും കലക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.