ചിട്ടിയിൽ തട്ടി ഒരു ക്ഷേത്രം അനാഥമായ കഥ നീലേശ്വരം: ഒരു ചിട്ടി കാരണം ആരും തിരിഞ്ഞുനോക്കാത്ത ക്ഷേത്രം കാടുമൂടിക്കിടക്കുന്നു. നീലേശ്വരം വൈനിങ്ങാലിലെ വൈരജാതൻ ക്ഷേത്രമാണ് നശിക്കുന്നത്. ഉത്തര മലബാറിലെ ആയിരങ്ങളുടെ കോടിക്കണക്കിന് രൂപ നഷ്ടമായതിന്റെ മൂകസാക്ഷിയായ അമ്പലം ഏകാന്തതയുടെ കാട്ടിൽ കയറിക്കിടക്കാൻ തുടങ്ങിയിട്ട് 15 വർഷമായി. ചിട്ടിക്കും ക്ഷേത്രത്തിനും വലിയ കഥ പറയാനുണ്ട്. കൽപണിക്കാരനായ ചെറുവത്തൂരിലെ സി.വി. കൃഷ്ണന്റെ വളർച്ചയുടെയും തളർച്ചയുടെയും കഥയാണിത്. കൃഷ്ണന് ചെങ്കൽപണയിൽനിന്ന് നിധി കിട്ടിയെന്നും പിന്നീട് സ്ഥലം വാങ്ങി വൈനിങ്ങാലിൽ ക്ഷേത്രംപണി തുടങ്ങിയെന്നും പറയുന്നവരുമുണ്ട്. 1990ൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് തഞ്ചാവൂർ ക്ഷേത്ര മാതൃകയിൽ കൃഷ്ണൻ വൈനിങ്ങാലിൽ ക്ഷേത്രം പണിതുയർത്തി. വടക്കെ ഗോപുരം പണിയാൻ തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ശിൽപികളെത്തി. കരിങ്കൽ ചുമരുകളും ക്ഷേത്രശിൽപങ്ങളും വിസ്മയമായി മാറി. 1990ൽ 'കാവിലെ കുറി' എന്ന പേരിലാണ് ചിട്ടി ആരംഭിക്കുന്നത്. വൈരജാതൻ ക്ഷേത്രനിർമാണം തുടങ്ങിയപ്പോൾ വൈരജാതൻ ചിട്ടിയായി മാറി. ചിട്ടി പകുതി ആകുമ്പോൾ തുക പിരിച്ചുകിട്ടും. ഇതോടെ ചിട്ടിയിൽ ചേരുന്നവരുടെ എണ്ണം പെരുകി. 2000ത്തിൽ എത്തിച്ചേരുമ്പോഴേക്കും സി.വി. കൃഷ്ണന് പണം കുമിഞ്ഞുകൂടിയ പോലെയായി. പണംകൊണ്ട് നിന്നുതിരിയാൻ ഇടമില്ലാതെ വൈരജാതൻ ചിട്ടി വീർപ്പുമുട്ടി. ഇതിനിടയിൽ കൃഷ്ണൻ മൂന്നുതവണ ക്ഷേത്രത്തിൽ ഉത്സവം നടത്തി. 2005ൽ വീണ്ടും കോടികൾ ചെലവഴിച്ച് ക്ഷേത്രം നവീകരിച്ചു. ഇതിനിടയിലാണ് ചിട്ടിയുടെ നടത്തിപ്പ് തകിടം മറിയുന്നത്. ചിട്ടിയിൽ വൻ സാമ്പത്തിക തിരിമറി നടന്നു. ചിറ്റാളന്മാരിൽനിന്ന് പിരിച്ചെടുത്ത പണം ഏജൻറുമാർ അടക്കാതെ പറ്റിക്കുകയാണെന്ന കഥ പരന്നു. ഇതോടെ ചിട്ടിക്കാശ് കൊടുക്കാൻ പറ്റാത്ത അവസ്ഥയായി. വിളിച്ച ചിട്ടി അടക്കാതെയായി. കിട്ടിയ ലാഭത്തിന് ചിട്ടിവിളിച്ച് തടിയൂരി ചിലർ. അങ്ങനെ വൈരജാതൻ ചിട്ടി തകരാൻ തുടങ്ങി. ചിട്ടി പ്രശ്നം പൊലീസ് കേസായി. ചിട്ടി നടത്തിപ്പുകാരൻ സി.വി. കൃഷ്ണന്റെ പേരിൽ ആയിരത്തിലധികം ചെക്ക് കേസുകൾ രജിസ്റ്റർ ചെയ്തു. ഒടുവിൽ ഇദ്ദേഹം സെൻട്രൽ ജയിലിലുമായി. ഹോസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ മാത്രം 500ലധികം കേസുകളുണ്ട്. ഇതിനിടയിൽ ചിറ്റാളന്മാർ ഗോപുരവാതിൽ, ആനവാതിൽ, തേക്ക് കട്ടില എന്നിവ കടത്തിക്കൊണ്ടുപോയി. ഓഫിസിലുണ്ടായിരുന്ന ജനറേറ്ററും പാത്രങ്ങളും ചിലയാളുകൾ എടുത്തുകൊണ്ടുപോയി. അങ്ങനെ മൂന്നരയേക്കർ വരുന്ന ക്ഷേത്രം അനാഥമായി. ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി. nlr VAIRAJATHANവൈനിങ്ങാൽ വൈരജാതൻ ക്ഷേത്രത്തിലെ ചിട്ടി നടത്തിയ ഓഫിസ് കാടുമൂടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.