തെരുവുനായ് ശല്യം രൂക്ഷം; പടന്നയിൽ മൂന്നുപേർക്ക് കടിയേറ്റു

പടന്ന: തെരുവുനായ്​ ശല്യം രൂക്ഷമായ പടന്നയിൽ രണ്ടുദിവസത്തിനിടെ മൂന്നുപേർക്ക് കടിയേറ്റു. എടച്ചാക്കൈ ബദർ നഗറിലെ രണ്ടര വയസ്സുകാരൻ ഐഷാം, പടന്ന മൂസഹാജി മുക്കിലെ അബ്ദുല്ല (ഏഴ്) എന്നിവർക്ക് തിങ്കളാഴ്ചയും പടന്ന കൊട്ടയന്താറിലെ കെ.എം.പി. ബുഷ്റക്ക് (37) ചൊവ്വാഴ്ചയുമാണ് കടിയേറ്റത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വാക്സിൻ ഇല്ലാത്തതിനാൽ കടിയേറ്റവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രതിയിലും കാസർകോട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഹോട്ടലുകളിൽനിന്നും അറവുശാലകളിൽ നിന്നുമുള്ള മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നത്. ഇതോടൊപ്പം അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ മാലിന്യ സംസ്കരണത്തിന് സംവിധാനം ഇല്ലാത്തതും പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതിന് കാരണമാകുന്നു. അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ റൂമുകളിൽ താമസിക്കുന്നതുമൂലം മലിന ജലം റോഡരികിൽ കെട്ടിക്കിടക്കുന്നതും ചിലയിടത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജില്ല പഞ്ചായത്തിന്‍റെ പദ്ധതി അനുസരിച്ച് നായ്ക്കളെ വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും മാർച്ച് 31ഓടെ പദ്ധതി അവസാനിച്ചുവെന്നും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്‍ലം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.