നെല്ലിക്കുന്നിലും ചേനക്കോടും അംബേദ്കർ ഗ്രാമം പദ്ധതി

കാസർകോട്​: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്​കർ ഗ്രാമം പദ്ധതിയിൽ കാസർകോട് മണ്ഡലത്തിലെ രണ്ടു കോളനികളെ കൂടി ഉൾപ്പെടുത്തി. ഇരുകോളനികളിലുമായി രണ്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന്, മധൂർ ഗ്രാമപഞ്ചായത്തിലെ ചേനക്കോട് എന്നീ കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസർകോട്​ മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ബദിയഡുക്ക പഞ്ചായത്തലെ ബാറടുക്ക, ചെങ്കള പഞ്ചായത്തിലെ കല്ലക്കട്ട എന്നീ കോളനികളിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. മുപ്പതിലേറെ വീടുകളുള്ള പട്ടികജാതി കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ്, ഡ്രൈനേജ്, കുടിവെള്ള സംവിധാനം, കമ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന സംരംഭം തുടങ്ങി അടിസ്ഥാന വികസനത്തിനു പദ്ധതി സഹായകമാകും. വീട് നവീകരണം, തൊഴിൽ ഉപകരണങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയിൽ ഉണ്ടാകും. രണ്ട് കോളനികളിലും കോളനി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരിക്കും. കോളനി നിവാസികളുടെ യോഗം അതത് കോളനിയിൽ ഉടൻ ചേരുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.