കെൽ: ധാരണപത്രത്തിൽ ഒപ്പിട്ടു

-ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കും, വിട്ടുവീഴ്ച​ ചെയ്താണ്​ ഒപ്പിട്ടതെന്ന്​ തൊഴിലാളികൾ കാസർകോട്​: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെൽ ഇ.എം.എൽ മാനേജ്​മെന്‍റും തൊഴിലാളികളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ, ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത്​ ഉദ്​ഘാടന തീയതി ഉടൻ നിശ്ചയിക്കും. രണ്ടുവർഷമായി അടച്ചുപൂട്ടിയ പൊതുമേഖല സ്ഥാപനമാണ്​ വീണ്ടും തുറക്കുന്നത്​. കേന്ദ്ര സർക്കാറിൽനിന്ന്​ സംസ്ഥാനം ഏറ്റെടുത്ത കമ്പനിയുടെ തൊഴിൽ വ്യവസ്ഥകളാണ്​ കമ്പനി തുറക്കുന്നത്​ നീളാൻ ഇടയാക്കിയത്​. പുതിയ കമ്പനിയെന്ന നിലക്ക്​ പുതിയ തൊഴിൽ വ്യവസ്ഥകൾ തയാറാക്കിയതാണ്​ ജീവനക്കാരെ പ്രകോപിപ്പിച്ചത്​. തിങ്കളാഴ്ച വ്യവസായ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷും തൊഴിലാളി സംഘടന നേതാക്കളുമായി നടന്ന ചർച്ചയിലാണ്​ മഞ്ഞുരുകിയത്​. ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ വ്യാഴാഴ്​ച ധാരണപത്രത്തിൽ ഒപ്പിടാനാണ്​ തീരുമാനിച്ചതെങ്കിലും ചൊവ്വാഴ്ച തന്നെ ഒപ്പിടാൻ തൊഴിലാളികൾ സന്നദ്ധരാവുകയായിരുന്നു. ഭെൽ ഇ.എം.എൽ കമ്പനി ആയിരുന്ന സമയത്ത് മാനേജ്മെന്‍റുമായി ഒപ്പുവെച്ച ശമ്പള വർധന കരാർ നടപ്പാക്കില്ല. വിരമിക്കൽ പ്രായം 60തിൽനിന്ന്​ 58 ആവും. 2020 മാർച്ച് 31 വരെയുള്ള ശമ്പള കുടിശ്ശിക പണമായി നൽകും. 2020 ഏപ്രിൽ മുതൽ കമ്പനി അടച്ചിട്ട കാലയളവിലെ ശമ്പള കുടിശ്ശികയുടെ 35 ശതമാനം നൽകും. ജീവനക്കാർക്ക് വിദേശ അവധിക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ വകുപ്പുകളിലേക്കോ ഡെപ്യൂട്ടേഷൻ അർഹത ഉണ്ടാവില്ല. ഇങ്ങനെ നീളുന്നതാണ്​ പുതിയ കരാർ. 15000 ശമ്പളമായി കണക്കാക്കി പി.എഫ്​ വിഹിതമടക്കാമെന്ന നിർദേശം പിൻവലിച്ചു. അടച്ചിട്ട കാലത്തെ​ വേതനം നൽകില്ലെന്ന നിലപാട്​ തിരുത്തിക്കാൻ കഴിഞ്ഞതായി തൊഴിലാളികൾ പറഞ്ഞു. നിലവിലെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതാണ്​ ധാരണപത്രമെങ്കിലും കമ്പനി തുറക്കട്ടെയെന്ന നിലപാടിലാണ്​ ഒപ്പിട്ടതെന്ന്​ സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് പറഞ്ഞു മാനേജ്മൻെറിനെ പ്രതിനിധാനം ചെയ്ത്​ ഡയറക്ടർ റിട്ട. കേണൽ ഷാജി വർഗീസ്, യൂനിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, യൂനിയനുകളെ പ്രതിനിധാനം ചെയ്ത്​ കെ.പി. മുഹമ്മദ് അഷ്റഫ്, ടി.പി. മുഹമ്മദ് അനീസ് (എസ്.ടി.യു), കെ.എൻ. ഗോപിനാഥ്, വി. രത്‌നാകരൻ (സി.ഐ.ടി.യു), എ. വാസുദേവൻ, വി. പവിത്രൻ (ഐ.എൻ.ടി.യു.സി), കെ.ജി. സാബു, ടി.വി. ബേബി (ബി.എം.എസ്) എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​. kel eml new അറ്റകുറ്റപ്പണി പൂർത്തിയായ ബദ്രഡുക്കയിലെ കെൽ ഇ.എം.എൽ കമ്പനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.