ഹിജാബ് ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്ന അവകാശം -കാന്തപുരം

ഉള്ളാള്‍: ഹിജാബ് സ്ത്രീയുടെ മതപരമായ അവകാശമാണെന്നും അതിനെതിരായ ഏത് നീക്കവും രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഉള്ളാളിൽ നടന്ന ആത്മീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കണമെന്നത് വിശുദ്ധ ഖുര്‍ആന്‍റെ നിര്‍ദേശമാണ്. പ്രവാചകരുടെയും പില്‍ക്കാല പണ്ഡിതരുടെയും അധ്യാപനങ്ങളെല്ലാം ഇത് വ്യക്തമാക്കുന്നു. ഏതെങ്കിലും പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ തെറ്റായ വാദഗതികള്‍ ആസ്പദമാക്കി ഭരണകൂടവും കോടതിയും തെറ്റായ വിധികള്‍ ഉണ്ടാക്കരുത്. നൂറ്റാണ്ടുകളായി തുടരുന്ന ഒരു വിശ്വാസാചാരത്തിനെതിരായുള്ള കേസില്‍ താൽക്കാലിക വിധികള്‍ പ്രഖ്യാപിക്കുമ്പോള്‍ തൽസ്ഥിതി തുടരാന്‍ വിധിക്കുന്നതിന് പകരം അന്തിമവിധി വരുന്നതുവരെ ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ് -കാന്തപുരം പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങളില്‍ ഐക്യത്തോടെ നീങ്ങണമെന്നും സംഘടനാപരമായ ഭിന്നിപ്പ് ഇതിന് വിലങ്ങുതടിയാവരുതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്‍റ്​ അബ്ദുറശീദ് ഹാജി അധ്യക്ഷത വഹിച്ചു. ഖാദി ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ഥന നടത്തി. കര്‍ണാടക വഖഫ്​ ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി, സിറാജുദ്ദീന്‍ ഖാസിമി സംസാരിച്ചു. ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി, മുഹമ്മദ് ഫാസില്‍ റിസ് വി. കാവല്‍കട്ട, ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ബാത്വിഷ സഖാഫി ആലപ്പുഴ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, യു.ടി. ഖാദര്‍ എം.എല്‍.എ, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, കണച്ചൂര്‍ മോണുഹാജി, എസ്.എം. റശീദ് ഹാജി, മുംതാസ് അലി ഹാജി, മുസ്തഫ ഉള്ളാള്‍, മോണുഹാജി എന്നിവർ സംസാരിച്ചു. hijab ഉള്ളാളിൽ നടന്ന ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.