വലിയപറമ്പിൽ ഭൂഗർഭ വൈദ്യുതി കേബിൾ പ്രവൃത്തി ആരംഭിച്ചു

തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്തിൽ ഭൂമിക്കടിയിലൂടെ വൈദ്യുതി കേബിൾ ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചു. തയ്യിൽ നോർത്ത് കടപ്പുറം ഗവ.എൽ.പി സ്കൂൾ മുതൽ തയ്യിൽ സൗത്ത് വരെ മൂന്നുകിലോമീറ്ററിലാണ് പ്രവൃത്തി നടക്കുന്നത്. 76 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുക എന്നത് ശ്രമകരമായ പ്രവൃത്തിയാണ്. മുകളിൽ കൂടി പോവുന്ന പതിനൊന്ന് കിലോവാട്ട് ലൈനിന് പകരമാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. സാധാരണ ലൈൻ വലിക്കുന്നതിനേക്കാൾ അഞ്ചിരട്ടി ചെലവുള്ള പദ്ധതിയാണിത്. പ്രധാന പട്ടണങ്ങളിലും മറ്റുമാണ് സാധാരണ നിലയിൽ ഭൂഗർഭ ലൈൻ വലിക്കുന്നത്. ഊർജ കേരള മിഷൻ ഭാഗമായി കെ.എസ്.ഇ.ബി ഏറ്റെടുത്ത അഞ്ചുപദ്ധതികളിൽ ഒന്നായ ദ്വിതി വഴിയാണ് ഇത് നടപ്പാക്കുന്നത്. തൃക്കരിപ്പൂർ സെക്ഷൻ പരിധിയിൽപെട്ട വലിയപറമ്പ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി തടസ്സം നേരിടുന്ന തെക്കൻ മേഖല മുഴുവനായും കേബിൾ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യ പടിയാണ് പ്രവൃത്തി. തുടർന്നുള്ള വാർഷിക പദ്ധതിയിൽ ശേഷിക്കുന്ന ഭാഗത്തുകൂടി കേബിൾ സംവിധാനത്തിലേക്ക് മാറ്റും. പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, പഞ്ചായത്ത് അംഗം എം. അബ്ദുൽ സലാം, കെ.പി. ബാലൻ, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.