നഗരസഭാ റോഡ്​​ ഉദ്​ഘാടനം​ ചെയ്ത്​ ബി.ജെ.പി പ്രസിഡന്‍റ്​; പിന്നാലെ ചെയർമാനും

കാസർകോട്​: നഗരസഭയുടെ റോഡിന്‍റെ ആദ്യ ഉദ്​ഘാടനം നിർവഹിച്ചത്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​. വിവാദമായപ്പോൾ മൂന്നാം നാളിൽ നഗരസഭ ചെയർമാന്‍റെ വക ഔദ്യോഗിക ഉദ്​ഘാടനവും. യു.ഡി.എഫ്​ ഭരിക്കുന്ന കാസർകോട്​ നഗരസഭയുടെ റോഡിനാണ്​ ഈ ഗതി. നഗരസഭയിലെ താലൂക്ക് ഓഫിസ് 32ാം വാർഡിൽ ജില്ല ബാങ്ക്-നായക്സ് റോഡാണ് കൗൺസിലർ എം. ശ്രീലതയുടെ സാന്നിധ്യത്തിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി ഈ മാസം 16ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. ഇവിടത്തെ കൗൺസിലർ ബി.ജെ.പി പ്രതിനിധിയാണ്. ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 32 ലക്ഷം രൂപ ചെലവഴിച്ച്​ നഗരസഭ കോൺക്രീറ്റ് ചെയ്ത റോഡാണിത്​. സംഭവത്തിൽ വിമർശനവുമായി സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ നഗരസഭക്കെതിരെ രംഗത്തെത്തി. വിവാദമായതോടെ ശനിയാഴ്ച നഗരസഭാധ്യക്ഷൻ വി.എം. മുനീർ ഔദ്യോഗികമായി ഉദ്​ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ഉദ്ഘാടകനും ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ അധ്യക്ഷനായുമുള്ള ചടങ്ങ്​ നടത്താനാണ്​ ബി.ജെ.പി ബൂത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നത്​​​. ചെയർമാൻ നീട്ടിക്കൊണ്ടുപോയതിനാലാണ്​ ഉദ്​ഘാടനം സ്വന്തം നിലക്ക്​ നടത്തി​യതെന്നാണ്​ ബി.ജെ.പി കൗൺസിലറുടെ വാദം. എന്നാൽ, റോഡ് ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്ന്​ നഗരസഭാംഗത്തെ അറിയിച്ചിരുന്നതായി ചെയർമാൻ വി.എം. മുനീർ പറഞ്ഞു. നഗരസഭയുടെ റോഡ് ഉദ്ഘാടനവും മറ്റും തീരുമാനിക്കേണ്ടത് കൗൺസിലാണെന്നും നഗരസഭ അറിയാതെയുള്ള പരിപാടി ഒഴിവാക്കണമെന്ന്​ വാർഡ് അംഗത്തോടു നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കൊടുവിൽ 17ന് ചേർന്ന കൗൺസിൽ തീരുമാന പ്രകാരം റോഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നഗരസഭാധ്യക്ഷൻ നിർവഹിക്കുകയും ചെയ്തു. സർക്കാർ പരിപാടി​ ഉദ്​ഘാടനം എങ്ങനെയാണ്​ പാർട്ടി നേതാവ്​ നിർവഹിച്ചതിനെക്കുറിച്ച്​ നഗരസഭക്കും മൗനമാണ്​. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ്​ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.