കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ ശതാബ്ദി നിറവിൽ. മാർച്ച് മുതൽ ഒരുവർഷം നീളുന്ന പരിപാടികളോടെ ശതാബ്ദി വർഷം ആഘോഷിക്കാൻ സംഘാടക സമിതി രൂപവത്കരിച്ചു. വികസന സമിതി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.വി. മായാകുമാരി, കൗൺസിലർമാരായ സുജിത്ത് നെല്ലിക്കാട്ട്, ലത, ശോഭന, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, എച്ച്.എൻ. പ്രകാശൻ, പപ്പൻ കുട്ടമത്ത്, പി. ശ്രീകല, പി. കുഞ്ഞിക്കണ്ണൻ, എസ്. ഗോപാലകൃഷ്ണൻ, കോമൻ കല്ലിങ്കൽ, കെ.വി. വനജ എന്നിവർ സംസാരിച്ചു. 1923ലാണ് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർ തന്‍റെ പേരക്കുട്ടി കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാനായി ഭാര്യയുടെ സഹോദരനായ എ.സി. കണ്ണൻ നായരുടെ പത്തായപ്പുരക്ക് സമീപം സ്കൂൾ ആരംഭിച്ചത്. കണ്ണൻ നായർ ഇന്ത്യൻ നക്നൽ കോൺഗ്രസിന്‍റെ അമരക്കാരനായി മാറിയതോടെ കർമ പരിപാടികളുടെ സിരാകേന്ദ്രമായി സ്കൂൾ മാറി. 1928ൽ നിശാപാഠശാല ആരംഭിച്ചു. വിദ്വാൻ പി. കേളു നായരുടെയും എ.സി. കണ്ണൻ നായരുടെയും കെ.ടി. കുഞ്ഞിരാമൻ നമ്പ്യാരുടെയും നേതൃത്വത്തിൽ ആരംഭിച്ച വെള്ളിക്കോത്തെ വിജ്ഞാനദായിനി വിദ്യാലയത്തിലെ അധ്യാപകരും ഇവിടെ ക്ലാസെടുക്കാനെത്തി. കേരള ഗാന്ധി കെ. കേളപ്പൻ, കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ, കൃഷ്ണപിള്ള, എ.കെ. ഗോപാലൻ, മന്നത്തു പത്മനാഭൻ, പ്രഫ. മന്മഥൻ നായർ, ടി.എസ്. തിരുമുമ്പ്, ഇ.എം.എസ്, കുട്ടമത്ത് കവികൾ, മഹാകവി വള്ളത്തോൾ തുടങ്ങി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളികളായ നൂറുകണക്കിന് മഹദ് വ്യക്തികളുടെ നിത്യസന്ദർശന കേന്ദ്രമായി മാറി. 1956ൽ സർക്കാർ ഏറ്റെടുത്തു. ജി.എൽ.പി സ്കൂൾ ബെല്ല ആയി പ്രവർത്തനം തുടങ്ങി. 1980ൽ യു.പി ആയി ഉയർത്തി. 2012ലാണ് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളായി പുനർനാമകരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത (ചെയർ.) അഡ്വ. പി. അപ്പുക്കുട്ടൻ (വർക്കിങ് ചെയർ.), കൊടക്കാട് നാരായണൻ (ജന. കൺ.), പി. കുഞ്ഞിക്കണ്ണൻ (കൺ.) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.