കടൽസംരക്ഷണ പ്രതിജ്ഞയെടുത്തു

കാഞ്ഞങ്ങാട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ അജാനൂർ പഞ്ചായത്തും. പരിപാടിയുടെ ആദ്യഘട്ടം എന്നനിലയിൽ വൈവിധ്യങ്ങളായ ബോധവത്കരണ പ്രവർത്തനങ്ങളാണ് അജാനൂർ പഞ്ചായത്ത് നടത്തുന്നത്. കടലോരനടത്തം, മെഴുകുതിരി ജാഥ, കടൽസംരക്ഷണ പ്രതിജ്ഞ, സെമിനാറുകൾ, റോഡ് ഷോ, ബൈക്ക് റാലികൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചന, പെയിന്റിങ്, കുടുംബയോഗങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ഫ്ലാഷ് മോബുകൾ, തെരുവുനാടകങ്ങൾ, കലാരൂപങ്ങൾ, നാടൻപാട്ടുകൾ തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾക്ക് രൂപംനൽകിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഓരോ കിലോമീറ്ററിലും ആക്ഷൻ ഗ്രൂപ്പുകൾ രൂപവത്കരിച്ച് പ്ലാസ്റ്റിക് നിർമാർജന യജ്ഞവും ഓരോ 200 മീറ്ററിലും ബോട്ടിൽ ബൂത്ത് സ്ഥാപിക്കുകയും ജനകീയ പങ്കാളിത്തത്തോടെ കടൽതീരത്തെയും പരിസരത്തെയും മാലിന്യങ്ങൾ ശേഖരിച്ച് അവ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാകുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് മാലിന്യശേഖരണം, പുനരുപയോഗം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിപ്രവർത്തനങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. അജാനൂർ കടപ്പുറം ആവിക്കൽ നോർത്ത് ആക്ഷൻ പോയന്റിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മീന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത് വിഷയാവതരണം നടത്തി. 18ാം വാർഡ് മെംബർ ഇബ്രാഹീം, എ. ഹമീദ് ഹാജി, എം. രവി എന്നിവർ സംസാരിച്ചു. ഫിഷറീസ് മോട്ടിവേറ്റർ ജിസ്ന സ്വാഗതവും എ.പി. രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കടപ്പുറത്ത് വെച്ച് കടൽസംരക്ഷണ പ്രതിജ്ഞയും എടുത്തു. പടം: theeramaithri prathinja.JPGഅജാനൂർ കടപ്പുറം ആവിക്കൽ നോർത്ത് ആക്ഷൻ പോയന്റിൽ നടന്ന കടൽസംരക്ഷണ പ്രതിജ്ഞ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.