കേരളത്തിൽ നടക്കുന്ന സമര കോലാഹലം ബി.ജെ.പിക്ക്​ നിലമൊരുക്കാൻ -എം. സ്വരാജ്

കാഞ്ഞങ്ങാട് : കേരളത്തിൽ ഇപ്പോൾ നടക്കുന്ന സമര കോലാഹലം ബി.ജെ.പിക്ക്​ നിലമൊരുക്കുന്നതിനുവേണ്ടിയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇടതു സർക്കാറിനെതിരെ യു.ഡി.എഫ്​ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ഇടതുമുന്നണി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന ബഹുജന റാലിയോടനുബന്ധിച്ച് നടന്ന പൊതു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുവർഷം ജയിലിൽ കിടന്ന പ്രതിയായ സ്ത്രീയെ എഴുന്നള്ളിച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരത്തെ സ്വരാജ് പരിഹസിച്ചു. ഒരു വർഷം രണ്ട് ടൺ സ്വർണം കേരളത്തിലേക്ക് കള്ളക്കടത്തായി എത്തുന്നുണ്ട്. വിമാനങ്ങളിലും തുറമുഖം വഴിയുമാണ് സ്വർണമെത്തുന്നത്. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ചാണ് സ്വർണം കടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷിക്കും ഉദ്യോഗസ്ഥർക്കും ഇതിലെ ഒരുവിഹിതം കിട്ടുന്നുണ്ടെന്ന് സ്വരാജ് ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിച്ച് തങ്ങൾക്ക് എന്തുമാവാമെന്ന ഭാവമാണ് ഇവർക്ക്. നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം വന്നത്. ആർക്കു വേണ്ടിയാണെന്നോ ആരയച്ചതാണെന്നോ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ബി.ജെ.പിയും പ്രതിപക്ഷവും നിലമൊരുക്കുകയാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.പി. മുരളി, ജേക്കബ് ഉമ്മൻ, ഇ.പി. ദാമോദരൻ, ഇ.പി.ആർ. വേശാല, കാസിം ഇരിക്കൂർ, എൻ.എ. ജോസഫ്, ഷാജി ജോസഫ്, സുരേഷ് പുതിയേടത്ത്, കെ.പി. സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം knhd m swaraj കാഞ്ഞങ്ങാട്ട്​ നടന്ന എൽ.ഡി.എഫ്​ ബഹുജന റാലിയിൽ എം. സ്വരാജ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.