ഖാദി: ജീവനക്കാരുടെ നിർദേശങ്ങൾ കേൾക്കും

കാസർകോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ഖാദിവസ്ത്ര ഉപഭോക്താക്കളാക്കി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിർദേശങ്ങളും മനസ്സിലാക്കുന്നതിനും സമാഹരിക്കുന്നതിനുമായി വ്യാഴാഴ്ച രാവിലെ 11ന് ജില്ല കലക്ടറുടെ ചേംബറില്‍ കാമ്പയിന്‍ സംഘടിപ്പിക്കും. വിവിധ സര്‍വിസ് സംഘടനാനേതാക്കള്‍ പങ്കെടുക്കുന്ന കാമ്പയിനില്‍ ജീവനക്കാരില്‍നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുന്നതിനായി തയാറാക്കിയ ചോദ്യാവലി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ജില്ല കലക്ടര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. ദിശ യോഗം മാറ്റി കാസർകോട്: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ബുധനാഴ്ച കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ദിശ യോഗം മാറ്റിവെച്ചു. യോഗ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.കെ ശാക്തീകരണ പരിപാടിക്ക് തുടക്കം കാഞ്ഞങ്ങാട്: പ്രീ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കുള്ള ശാക്തീകരണ പരിപാടിക്ക് കാഞ്ഞങ്ങാട് തുടക്കമായി. പ്രീ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഗുണപരമായ മാറ്റങ്ങളില്‍ രക്ഷിതാക്കളെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ 63 അംഗീകൃത പ്രീ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് സമഗ്രശിക്ഷ കേരളം പരിശീലനം നല്‍കുന്നത്. മേലാങ്കോട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസര്‍ രഞ്ജിത്ത് ഓരി പദ്ധതി വിശദീകരിച്ചു. ഡയറ്റ് ലെക്ചറര്‍ ഇ.വി. നാരായണന്‍ മുഖ്യാതിഥിയായി. പരിശീലകരായ പി.വി. ഉണ്ണിരാജന്‍, അനൂപ് കല്ലത്ത്, പി. രാജഗോപാലന്‍, സ്‌പെഷലിസ്റ്റ് അധ്യാപിക കെ.വി. ഉഷ, യു.വി. സജീഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബി.ആര്‍.സി ട്രെയിനര്‍ വിജയലക്ഷ്മി സ്വാഗതവും പി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.