എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പ്രവൃത്തിക്ക് ഇന്ന് തുടക്കം

കാസർകോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒടുവിൽ യാഥാർഥ്യത്തിലേക്ക്. ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര വികസനം ലക്ഷ്യമാക്കി മുളിയാര്‍ വില്ലേജിലാണ് പുനരധിവാസ ഗ്രാമം ഒരുക്കുന്നത്. മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള 25 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. ആദ്യഘട്ട നിർമാണ പ്രവര്‍ത്തനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണ കരാർ. 4,17,06,933 രൂപയിലാണ് ആദ്യഘട്ട നിർമാണം. 2023 മേയ് 24നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിങ് ആൻഡ് ഹൈഡ്രോ തെറപ്പി ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുക. അന്തര്‍ദേശീയ നിലവാരത്തില്‍ ശാസ്ത്രീയമായാണ് പുനരധിവാസം യാഥാര്‍ഥ്യമാവുക. വിദഗ്ധ ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ല സാമൂഹികനീതി ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു. ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍നിന്ന് അഞ്ചുകോടിയാണ് അനുവദിച്ചത്. തെറപ്പി, കെയര്‍ഹോം, നൈപുണ്യ വികസനം, വൊക്കേഷനല്‍ ട്രെയിനിങ്, റിഹാബിലിറ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുനരധിവാസ ഗ്രാമത്തില്‍ ലഭ്യമാവും. ആദ്യഘട്ട നിർമാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിനുശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പുനരധിവാസ ഗ്രാമം പദ്ധതി വൈകുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രവൃത്തി വേഗത്തിലാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.