ചീമേനിക്കാർ പറയുന്നു; ഇത് അർഹമായ വിധി

ചെറുവത്തൂർ: ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപികയായ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികൾക്കുള്ള വിധി കേട്ടപ്പോൾ ചീമേനി നിവാസികൾ പറയുന്നു; ഇത് അർഹമായ വിധിയെന്ന്. 2017 ഡിസംബര്‍ 13നാണ് ജാനകി ടീച്ചർ കൊലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. പുലിയന്നൂർ ഗവ. എൽ.പി സ്​കൂളിൽ ആദ്യാക്ഷരം പകർന്ന അധ്യാപികയെ ശിഷ്യനടക്കമുള്ള സംഘമാണ് കഴുത്തറുത്ത് കൊന്നത്. പൊതുവെ സമാധാനന്തരീക്ഷമുള്ളിടത്ത് നടന്ന കൊലപാതകം നാടിനെ തന്നെ ഞെട്ടിച്ചതും വൻ പ്രതിഷേധം വിളിച്ചു വരുത്തിയതുമായിരുന്നു. മുഖംമൂടി ധരിച്ച, ഹിന്ദി സംസാരിക്കുന്നവരാണ് ആക്രമിച്ചതെന്നായിരുന്നു ഭർത്താവിന്റെ മൊഴി. ഇതേ തുടർന്ന് മഹാരാഷ്ട്രയിലും ഹൈദരാബാദിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസന്വേഷണം നീണ്ടുപോകവേ പ്രതികളിലൊരാളുടെ അച്ഛന്‍ കൈമാറിയ വിവരമാണ് നിര്‍ണായകമായത്. പുലിയന്നൂര്‍ കളത്തേര വീട്ടില്‍ റിട്ട. അധ്യാപിക പി.വി. ജാനകി കൊല്ലപ്പെട്ട വിവരം നാട്ടുകാരില്‍ ചിലരാണ് ചീമേനി പൊലീസിനെ അറിയിച്ചത്. കൈകാലുകൾ കയര്‍ ഉപയോഗിച്ച് കെട്ടി വായില്‍ ടേപ്പൊട്ടിച്ചിരുന്നു. കഴുത്തറുത്ത് സോഫയിലേക്ക് തള്ളിയ നിലയിൽ ഭര്‍ത്താവ് കൃഷ്ണനും. കൃഷ്ണന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സംഭവം കണ്ട ഒരേയൊരാള്‍ കൃഷ്ണനാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ പൊലീസ് കാത്തിരുന്നു. മുപ്പതില്‍ താഴെ പ്രായമുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. പുലിയന്നൂരിലെ മാതൃക അധ്യാപക ദമ്പതികളാണ് ജാനകിയും കൃഷ്ണനും. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമകള്‍. പക്ഷേ പകർന്ന അറിവ് ആയുധമായി തിരിച്ചടിച്ച് സ്വന്തം ജീവൻ അപഹരിക്കുമെന്ന് ജാനകി ടീച്ചർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കുറ്റവാളിയെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തവെ എന്റെ മകന്റെ കൈയില്‍ ധാരാളം പണം കാണുന്നു; അവനെ സംശയമുണ്ട് എന്ന് പറഞ്ഞ് ഒരാൾ ചീമേനി എസ്.ഐക്ക് നൽകിയ സന്ദേശമാണ് പ്രതികൾ വലയിലാകാൻ കാരണമായത്. ചീമേനി എസ്.ഐ ആയിരുന്ന രാജഗോപാല്‍ സന്ദേശം നല്‍കിയ ആളോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്‍ കണ്ടെടുത്തു. വിവരം നല്‍‌കിയയാളുടെ മകനും അടുപ്പമുള്ളവരും പൊലീസ് നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.