സി.പി.എമ്മും കെ. രാധാകൃഷ്ണൻ ഉൾപ്പെടെ നേതാക്കളും പ്രതികൾ; കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡി കുറ്റപത്രം നൽകി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിനെയും കെ. രാധാകൃഷ്ണൻ എം.പി ഉൾപ്പെടെ പാർട്ടി നേതാക്കളെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്തിമ കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥൻ നിർമൽകുമാർ മോഷ കലൂർ പി.എം.എൽ.എ കോടതിയിലാണ് രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചത്. അനധികൃതമായി വായ്പയെടുത്തവർ ഉൾപ്പെടെ 83 പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. കെ. രാധാകൃഷ്ണനെ കൂടാതെ മുൻമന്ത്രി എ.സി. മൊയ്തീൻ, സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറി എം.എം. വർഗീസ് തുടങ്ങിയ നേതാക്കളും പ്രതികളാണ്.

68ാം പ്രതിയായാണ് സി.പി.എമ്മിനെ ചേർത്തിരിക്കുന്നത്. രാധാകൃഷ്ണൻ 70ാം പ്രതിയും മൊയ്തീൻ 67ാം പ്രതിയുമാണ്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികളെക്കൂടി ഉൾപ്പെടുത്തി. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. പ്രതികളുടെ സ്വത്തുക്കളിൽനിന്ന് 128 കോടി കണ്ടുകെട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. എം.എം. വർഗീസ്, എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എന്നിവരുടെ ചോദ്യംചെയ്യൽ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.എം നേതാക്കളായ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ മധു അമ്പലപുരം, പൊറത്തുശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പീതാംബരൻ, പൊറത്തുശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി എം.ബി. രാജു, പൊറത്തുശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി കെ.സി. പ്രേമരാജൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.

സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് വഞ്ചനാപരമായ മാർഗങ്ങളിലൂടെ വായ്പകൾ നൽകിയെന്നും അതുവഴി വലിയ സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് കേസ്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും ശരിയായ സെക്യൂരിറ്റി ഇല്ലാതെയുമാണ് വായ്പകൾ നൽകിയതെന്നും ഇ.ഡി കണ്ടെത്തി. ഇതുസംബന്ധിച്ച് ഇ.ഡിക്ക് ബാങ്കുമായി ബന്ധപ്പെട്ടവർ മൊഴി നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. മൊയ്തീൻ ഉൾപ്പെടെയുള്ളവർ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നതായി ആരോപിക്കുന്നു. അനധികൃത വായ്പയിൽനിന്ന് നിശ്ചിത തുക പാർട്ടിയുടെ പ്രത്യേക അക്കൗണ്ടിൽ എത്തിയതായും സംശയിക്കുന്നു. ഇത്തരത്തിൽ അഞ്ച് അക്കൗണ്ടുകൾ പാർട്ടിക്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. എം.എം. വർഗീസ് ഉൾപ്പെടെയുള്ളവരാണ് ഇവ നിയന്ത്രിച്ചിരുന്നതെന്നും രാധാകൃഷ്ണൻ എം.പി അനധികൃതമായി വായ്പ അനുവദിക്കാൻ നിർദേശിച്ചിരുന്നെന്നും ബാങ്ക് ജീവനക്കാർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്. ബാങ്ക് നടത്തിപ്പിൽ ഇടപെടുക, പ്രതികൾക്ക് അന്യായമായി വായ്പ അനുവദിക്കാൻ സഹായം ചെയ്തുകൊടുക്കുക, പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്‍റെ പങ്ക് പറ്റുക, അതുപയോഗിച്ച് വസ്തു വാങ്ങുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സി.പി.എമ്മിൽ ആരോപിച്ചിട്ടുള്ളത്. 

Tags:    
News Summary - Karuvannur bank scam pmla case ed files final chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.