തിരുവനന്തപുരം: നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത് സി.പി.എമ്മിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും ഇത് തീക്കളിയാണെന്ന് ഓർമ വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ആർ.എസ്.എസ്-ബി.ജെ.പി യജമാനന്മാരുടെ കിങ്കരന്മാരായി ഇറങ്ങി ജനകീയ നേതാക്കളെ വീഴ്‌ത്തിക്കളയാമെന്നാണ് ഇ.ഡി മോഹമെങ്കിൽ അത് കൈയിൽവെച്ചാൽ മതി.
തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയുള്ള ഇ.ഡി നീക്കം ജനാധിപത്യ മര്യാദകളുടെ സർവ പരിധികളും ലംഘിക്കുന്നതാണ്. നേതാക്കളെ രാഷ്‌ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിപട്ടികയിൽ ചേർത്തിട്ടുള്ളത്. പച്ചക്കള്ളങ്ങൾ കുറ്റപത്രത്തിൽ എഴുതിച്ചേർത്താണ് നേതാക്കളെ കുരുക്കാൻ ഇ.ഡി ശ്രമിക്കുന്നത്. പാർട്ടി ജില്ല സെക്രട്ടറിമാരായിരുന്നവർ കരുവന്നൂർ ബാങ്കിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്. ആർ.എസ്.എസ് താൽപര്യം സംരക്ഷിച്ച് പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിക്കാനാണ് പ്രതിപട്ടികയിൽ പേര് ചേർത്തത്.
ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. രാഷ്‌ട്രീയ താൽപര്യങ്ങളോടൊപ്പം സംസ്ഥാന വിജിലൻസ് ഇ.ഡി ഉദ്യോഗസ്ഥരുടെ അഴിമതി കൈയോടെ പിടികൂടിയതിന്‍റെ ജാള്യവും വിരോധവും ധിറുതിപ്പെട്ടുള്ള കുറ്റപത്ര സമർപ്പണത്തിലുണ്ട്. കേസുകൾ ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങുന്നതിന് നേതൃത്വം നൽകുന്നത് ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.
കണ്ണൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറിമാരെ പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുകൊണ്ടൊന്നും സി.പി.എമ്മിന് പോറലേൽപ്പിക്കാമെന്ന് ഇ.ഡിയും കേന്ദ്ര സർക്കാറും കരുതേണ്ടെന്നും ഇ.ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാമെന്നാണ് ഇ.ഡി കരുതുന്നതെങ്കിൽ അത് ജനങ്ങൾ തിരിച്ചറിയും. ഇ.ഡിക്ക് വ്യക്തമായ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന് നമ്മൾ കണ്ടതാണ്. കൊടകരയിൽ കോടികളുടെ കോഴപ്പണം പിടികൂടിയ സംഭവത്തിൽ കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനാണ് ഇ.ഡി ശ്രമിച്ചത്. കേസുകൾ ഒതുക്കിത്തീർക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവവും അടുത്തിടെ കണ്ടു. പത്തു വർഷത്തിനിടെ രാജ്യത്ത് ഇ.ഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ രണ്ടെണ്ണമാണ് ശിക്ഷിക്കപ്പെട്ടത്. പ്രതിപക്ഷ പാർട്ടികളെ നേരിടാൻ ഒരുതെളിവുമില്ലാതെ കേസുണ്ടാക്കുകയാണ് ഇ.ഡി. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പിൽ കുറ്റക്കാരായ ഒരാളെയും പാർട്ടി സംരക്ഷിച്ചിട്ടില്ല. എല്ലാം പാർട്ടിയുടെ മേൽ കെട്ടിവെക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചന നേരിടാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 180 കോടി രൂപ അപഹരിച്ചെന്ന കേസില്‍ സി.പി.എമ്മിന്റെ മൂന്ന് ജില്ല സെക്രട്ടറിമാരെ പ്രതിചേര്‍ത്ത ഇ.ഡി ഒറ്റയാളെപ്പോലും എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭീകരമായ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിപ്പട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാത്തതിന് കാരണം ബി.ജെ.പി-സി.പി.എം ഡീലാണ്. തൃശൂർ പൂരം കലക്കി ബി.ജെ.പിക്ക് വിജയ വഴിയൊരുക്കാന്‍ സി.പി.എം തയാറായതുതന്നെ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കിക്കൊടുക്കാമെന്ന ധാരണയുടെ പുറത്താണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി എമ്പുരാന്‍ സിനിമ സെന്‍സര്‍ ചെയ്തതുപോലെ സി.പി.എമ്മിന് ഗുണകരമായ രീതിയില്‍ സെന്‍സര്‍ ചെയ്തതാണെന്ന് എ.ഐ.സി.സി അംഗം അനില്‍ അക്കര. മൂന്ന് മുന്‍ ജില്ല സെക്രട്ടറിമാര്‍ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും ഭാവിയില്‍ സി.പി.എമ്മിന് ഗുണകരമാകുന്ന വിധത്തിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. സി.പി.എം സെക്രട്ടറിമാര്‍ പാര്‍ട്ടിക്കുവേണ്ടി കളവ് കാണിച്ചെന്നാണ് കുറ്റപത്രം പറയുന്നത്. എന്നാല്‍, അന്വേഷണഘട്ടത്തില്‍ ഇ.ഡി പുറത്തിറക്കിയിരുന്ന പത്രക്കുറിപ്പുകളില്‍ ജില്ല സെക്രട്ടറിമാര്‍ ബാങ്ക് തട്ടിപ്പിലൂടെ വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയെന്നാണ് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.