ഹാരിഷ്
കൽപറ്റ: കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ കാർഡ് നിർമിച്ച് അയാളുടെ പേരിലുള്ള ഫാൻസി മൊബൈൽ നമ്പർ കൈക്കലാക്കി ലക്ഷങ്ങൾക്ക് മറിച്ചുവിറ്റയാളെ പൊലീസ് പിടികൂടി. കർണാടക ചിക്ബെല്ലാപുർ സ്വദേശിയായ ഹാരിഷിനെയാണ് (27) കർണാടകയിൽ നിന്ന് വയനാട് സൈബർ പൊലീസ് പിടികൂടിയത്. രേഖകളിൽ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയാണ് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള ബി.എസ്.എൻ.എൽ മൊബൈൽ നമ്പർ പ്രതി കൈക്കലാക്കിയത്.
കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ കാർഡ് നിർമിച്ച പ്രതി സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് കൽപറ്റ ബി.എസ്.എൻ.എൽ ഓഫിസിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുകയായിരുന്നു. പിന്നീട് ഈ സിം സ്വകാര്യ കമ്പനിയിലേക്ക് പോർട്ട് ചെയ്തു. തുടർന്ന് മലപ്പുറം സ്വദേശിയുടെ പേരിൽ മറ്റൊരു വ്യാജ ആധാർ കാർഡ് നിർമിച്ച് പ്രതി മഞ്ചേരിയിൽനിന്ന് അതേ നമ്പറിൽ സിം എടുക്കുകയായിരുന്നു. സ്വന്തം മൊബൈൽ നമ്പർ പ്രവർത്തനരഹിതമായതിനെത്തുടർന്ന് കണ്ണൂർ സ്വദേശി ബി.എസ്.എൻ.എൽ ഓഫിസിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
ബി.എസ്.എൻ.എൽ അധികൃതരുടെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫാൻസി സിം കാർഡുകൾ വിൽപന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിൽ വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കുന്ന സിം കാർഡ് ലക്ഷങ്ങൾ വിലയിട്ട് ഫാൻസി സിം മാർക്കറ്റിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.