കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂരേഖ കൈമാറ്റം പൂർത്തിയായി

കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവള റൺവേ സുരക്ഷ മേഖല (റെസ) വികസിപ്പിക്കാന്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ ഭൂവുടമകള്‍ റവന്യൂ വകുപ്പിന് കൈമാറുന്ന നടപടി പൂർത്തിയായി. ശനിയാഴ്ച നെടിയിരുപ്പ് പാലക്കപ്പറമ്പ് അംഗൻവാടിയില്‍ നടന്ന പ്രത്യേക ക്യാമ്പിലാണ് അവശേഷിച്ച ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കിയത്. 37 പേര്‍ രേഖകള്‍ പ്രത്യേക ക്യാമ്പിലെത്തിയും ഒരാള്‍ വിമാനത്താവളത്തിലെ ഓഫിസിലെത്തിയും രേഖകള്‍ സമര്‍പ്പിക്കുകയായിരുന്നു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രേഖകള്‍ പരിശോധിച്ചത്. ഭൂവുടമകള്‍ ഹാജരാക്കിയ രേഖകളിലെ പോരായ്മകള്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവ ശരിപ്പെടുത്തുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു.

നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലായി 80 ഭൂവുടമകളില്‍നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. രേഖകളുടെ വിശദ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക നിജപ്പെടുത്തും. കെട്ടിടമുള്‍പ്പെടെയുള്ള നിർമിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നേരത്തേ ഹാജരാക്കിയ രേഖകളനുസരിച്ച് നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ 30നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെടിയിരുപ്പില്‍ 24ഉം പള്ളിക്കലില്‍ 12ഉം ഉള്‍പ്പെടെ 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. പള്ളിക്കലില്‍ രണ്ട് ക്വാര്‍ട്ടേഴ്സുകളും മൂന്ന് കെട്ടിടങ്ങളും വേറെയുമുണ്ട്. നെടിയിരുപ്പില്‍ ഒരു ടര്‍ഫ് ഗ്രൗണ്ടും കെട്ടിടവും ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടും. പള്ളിക്കല്‍ പഞ്ചായത്തില്‍ പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തുക ലഭിക്കും.

രണ്ട് കുടുംബങ്ങള്‍ക്ക് 20 സെന്റ് ഭൂമിക്ക് പട്ടയം ഉടന്‍ അനുവദിക്കും. ഇവരുടെ നാലുവീടുകള്‍ക്ക് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള തുക ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ പ്രേംലാല്‍, തഹസില്‍ദാര്‍ കിഷോര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് സാജു, ശ്രീധരന്‍, സത്യനാഥന്‍, നൗഷാദ്, ഷിബി, ഷിജിത്ത് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Tags:    
News Summary - Karipur Airport Development: Transfer of Land Complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.