സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം; 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കും

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ മുന്നൊരുക്കവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും. പ്രഥമ ഘട്ടത്തില്‍ 50 കോടി രൂപ സമാഹരിക്കും. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക.

പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വാണിജ്യ- വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും സര്‍വകലാശാലക്ക് കീഴിൽ ആരംഭിക്കും. ചരിത്ര, ഭാഷാ പഠനങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും. സമസ്ത നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളിൽ ഏറ്റവും മികച്ച സംവിധാനമായിരിക്കും സര്‍വകലാശാലയെന്നും മുശാവറ യോഗം അഭിപ്രായപ്പെട്ടു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. പി.എ. ഹൈദ്‌റൂസ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല, പി. ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി.എസ്.കെ. മൊയ്തു ബാഖവി, ഹസന്‍ ബാഖവി പല്ലാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്‍മേനാട്, ത്വാഹ മുസ്‌ലിയാര്‍, അബ്ദുല്‍ഗഫൂര്‍ ബാഖവി, അബ്ദുന്നാസര്‍ അഹ്‌സനി, അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, അലവി സഖാഫി കൊളത്തൂര്‍, ഐ.എം.കെ. ഫൈസി, എം.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Kanthapuram to establish private university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.