കണ്ണൂർ അർബൻ നിധി തട്ടിപ്പ്; സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും

കണ്ണൂർ: അർബൻ നിധി തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിനു കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി എം. പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ-കാസർകോട് ഡിവൈ.എസ്.പി ടി. മധുസൂദനൻ നായർക്കാണ് അന്വേഷണ ചുമതല. സി.ഐമാരായ ജി. ഗോപകുമാർ, എം. സജിത്ത് എന്നിവരാണ് മറ്റംഗങ്ങൾ.

കണ്ണൂർ, ചക്കരക്കല്ല് സി.ഐമാരായ പി.എം. ബിനു മോഹൻ, ശ്രീജിത്ത് കൊടേരി എന്നിവർ ഇവരെ സഹായിക്കും. കേസ് കൈമാറി ചൊവ്വാഴ്ച വൈകീട്ടാണ് ഡി.ജി.പി ഉത്തരവിറക്കിയത്. കണ്ണൂർ കേന്ദ്രമായുള്ള അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങൾക്കെതിരെ 150ഓളം പരാതികളാണ് ലഭിച്ചത്. ഇതിൽ 23 കേസുകളാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്.

150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കരുതുന്ന കേസ് ടൗൺ പൊലീസാണ് നിലവിൽ അന്വേഷിച്ചിരുന്നത്. കേസിൽ കമ്പനി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവരാണ് ഇതിനകം പിടിയിലായത്. മറ്റൊരു ഡയറക്ടറായ ആന്റണിക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി നടന്ന തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് പണപ്പിരിവ് നടന്നതെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. ചെന്നൈയിൽനിന്ന് ഉൾപ്പെടെയുള്ള പരാതികൾ ലഭിച്ചതോടെയാണ് കേസ് ഉന്നത ഏജൻസിക്ക് കൈമാറിയത്. അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെയും ജീവനക്കാരുടെയും സ്വത്തുവകകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു.

Tags:    
News Summary - kannur urban nidhi scam: Financial Crimes Investigation Department will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.