കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞു കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ.പി സഹദി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്.

അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ കൊളപ്പാലയിലെ റമീസ് (24), കെ.പി. ഹൗസിൽ ഷമീറിന്റെ മകന്‍ അഷർ എന്ന അസറുദ്ദീൻ (24) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം.

ഗൾഫിൽനിന്ന് അവധിക്ക് നാട്ടി​ലെത്തിയ അസറുദ്ദീനും ഉറ്റസുഹൃത്തുക്കളായ റമീസും സഹദും ഞായറാഴ്ച വൈകീട്ടാണ് സൗഹൃദം പങ്കുവെക്കാൻ പുല്ലൂപ്പിക്കടവ് കല്ലുകെട്ട് ചിറയിൽ മീൻപിടിച്ച് തോണിയാത്ര നടത്തിയത്. ഇതിനിടെ തോണി മറിയുകയായിരുന്നുവെന്ന് കരുതുന്നു.

തുരുത്തി വള്ളുവംകടവ് ഭാഗത്തുനിന്ന് തോണിയിൽ മൂവരും ഒരുമിച്ച് നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രാത്രി വൈകിയും ഇവരെ കാണാതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ച തോണിമറിഞ്ഞതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മീൻപിടിക്കാനെത്തിയവർ യുവാക്കളുടെ ഇരുചക്രവാഹനങ്ങളും ചെരിപ്പുകളും കണ്ടെത്തി. ഇവർ നടത്തിയ തിരച്ചിലിലാണ് റമീസിന്റയും അസറുദ്ദീന്റെയും മൃതദേഹം കണ്ടെത്തിയത്.

തളിപ്പറമ്പ്, മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്നായി മൂന്ന് ഡിവിഷൻ ഫയർ ഫോഴ്സ് ജീവനക്കാരും നീന്തൽ വിദഗ്ധരുമെത്തിയാണ് തിരച്ചിൽ നടത്തിയത്. കൊച്ചിയിലെ നാവിക സംഘത്തിന്റെയും ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെയും സഹായംതേടിയിരുന്നു.

സഹദ് നാട്ടിൽ ഡ്രൈവറും റമീസ് ഒരു സ്പോർട്സ് കടയിലെ ജീവനക്കാരനുമാണ്. കണ്ണൂർ നഗരസഭ മുൻ കൗൺസിലറായ മമ്മൂട്ടി അശ്രഫിന്റെയും സബിയയുടെയും മകനാണ് അസറുദ്ദീൻ. സഹോദരങ്ങൾ: നദീർ, അഫ്രീദ്, അജ്മൽ, അമീർ.

Tags:    
News Summary - Kannur pullooppikkadavu boat accident: third person's body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.