സ്വർണം പൊട്ടിക്കൽ: ശ്രീലാൽ പ്രധാനി, കണ്ണി പൊട്ടാതെ കണ്ണൂർ ടീം
കണ്ണൂർ: അർജുൻ ആയങ്കി അകത്തായതോടെ അൽപമൊന്ന് അയഞ്ഞുവെന്ന് തോന്നിയ കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കണ്ണി പക്ഷെ, പൊട്ടുന്നില്ല. കരിപ്പൂരിൽ പിടിയിലായ സംഘവും കണ്ണൂരിൽനിന്നുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിലെ പ്രധാന കണ്ണികൾ. പാനൂർ കണ്ണംവെള്ളി ബേസിൽ പീടിക സ്വദേശികളാണ് കരിപ്പൂരിൽ അറസ്റ്റിലായ ശ്രീലാലും പ്രിൻസും. ചൊക്ലി മേക്കുന്ന് സ്വദേശിയാണ് സുബിത്ത്. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലായി ഇവർക്കെതിരെ ആയുധം കൈവശം വെച്ചതുൾപ്പടെ വിവിധ കേസുകളുണ്ട്. നെടുമ്പാശ്ശേരി വിമാനത്താളവത്തിൽ സ്വർണം പൊട്ടിക്കലിന് ശ്രീലാലിന്റെ പേരിൽ കേസുണ്ട്. അർജുൻ ആയങ്കിയുടെ ടീമായാണ് ഇവർ അറിയപ്പെടുന്നത്.
സി.പി.എം തള്ളിപ്പറയുമ്പോഴും പാർട്ടി വിലാസത്തിലാണ് മൂവരും അറിയപ്പെടുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി തുടങ്ങിയവർക്ക് ഒപ്പമുള്ള ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. മയക്കുമരുന്ന് ലോബിയെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നുവെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. ആഢംബര കാറുകളും ബൈക്കുകളിലും സഞ്ചരിക്കുന്ന ഇവരുടെ ജോലിയെന്തെന്ന് പലർക്കുമറിയില്ല. പിടിയിലായവരിൽ ശ്രീലാൽ ആണ് പ്രധാനി. സ്വർണക്കടത്തിനെ ശ്രീലാൽ മഹത്വവത്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടിലുണ്ട്. വിദേശത്തുനിന്ന് സ്വർണവുമായെത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്കയാണ് ഇവർക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ.
2021 ജൂണിൽ അഞ്ചുപേരുടെ മരണത്തിന് കാരണമായ രാമനാട്ടുകര സ്വർണം പൊട്ടിക്കൽ കേസിലാണ് നേരേത്ത അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂർ സംഘത്തിന്റെ ഇടപെടലുണ്ടായത്. സി.പി.എം ക്രിമിനലുകളാണ് ഇവരെന്നും ഇടപാടുകളിൽ പങ്കുപറ്റുന്ന പ്രവർത്തകരുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നു. ഇവരുടെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.