മുഹമ്മദ് അറാഫത്ത്
സ്ത്രീയുടെ മാല പൊട്ടിച്ച കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കാഞ്ഞങ്ങാട്: മാല പൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്ത് ആണ് പിടിയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18ന് ബേഡകം ചെമ്പക്കാട് വെച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവന്റെ താലിമാല ബൈക്കിലെത്തി കവർന്ന കേസിലാണ് അറസ്റ്റ്. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാൾക്കെതിരെ കാസർകോട് പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും നിലവിലുണ്ട്.
ബേഡകം എസ്.എച്ച്.ഒ കെ. അജിതയുടെ നിർദേശ പ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫിസർ സന്ദീപ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.