മുഖ്യമന്ത്രി വി.ഡി. സതീശൻ

ജി.എൻ.എ വൈദ്യുതി വാങ്ങലിൽ വിവാദം; അധിക ബാധ്യതയിൽ മുഖ്യമന്ത്രിക്കും കെ.എസ്.ഇ.ബിക്കും രണ്ടു കണക്ക്

തിരുവനന്തപുരം: ഹിമാചൽ-ജി.എൻ.എ വൈദ്യുതി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ച കണക്കുകളും കെ.എസ്.ഇ.ബി സർക്കാറിനെ അറിയിച്ച കണക്കുകളും പരസ്പരവിരുദ്ധം. ഹിമാചൽ വൈദ്യുതി വാങ്ങുമ്പോൾ 2,232 കോടിയുടെ അധിക ബാധ്യത വരുമെന്നും പീക്ക് സമയങ്ങളിൽ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് ജി.എൻ.എ ആണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ, കെ.എസ്.ഇ.ബി സർക്കാറിന് നൽകിയ കത്ത് ഇത് പൂർണമായി തള്ളുന്നതാണ്. ജി.എൻ.എ വൈദ്യുതിയാണ് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നും പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത് ഹിമാചലാണെന്നും അതിൽ പറയുന്നു.

കെ.എസ്.ഇ.ബിയുടെ കത്ത് പ്രതിപക്ഷം ആയുധമാക്കുമ്പോൾ, പീക്ക് സമയത്ത് വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെയുള്ള സമയത്ത് രണ്ടുമാസം മാത്രമാണ് 500 മെഗാവാട്ടിന് മുകളിൽ ഹിമാചൽ വാഗ്ദാനം ചെയ്യുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. ഹിമാചൽ വൈദ്യുതിയുടെ ഫയലിൽ കെ.എസ്.ഇ.ബി വാദത്തെ പിന്തുണച്ച വകുപ്പ് മന്ത്രി സണ്ണി ജോസഫ്, തീരുമാനശേഷം പരസ്യ പ്രതികരണത്തിന് തയാറായില്ല. സി.പി.എമ്മും വൈദ്യുതി മേഖലയിലെ സി.പി.എം അനുകൂല സംഘടനകളും കൂടുതൽ ആരോപണവുമായി രംഗത്തുവന്നു.

ഹിമാചൽ, ജി.എൻ.എ നിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. പീക്ക് സമയ ആവശ്യകത നിറവേറ്റാൻ ഏറ്റവും നല്ലത് ഹിമാചൽ വൈദ്യുതി വാങ്ങുന്നതാണെന്ന് വ്യക്തമാക്കുന്ന വാണിജ്യ വിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ട് കെ.എസ്.ഇ.ബി സർക്കാറിന് കൈമാറി. പീക്ക് സമയത്ത് നവംബറിൽ 1280 മെഗാവാട്ട്, ഡിസംബറിൽ 1132, ജനുവരിയിൽ 872, ഫെബ്രുവരിയിൽ 864, മാർച്ചിൽ 1006, ഏപ്രിലിൽ 1176 എന്നിങ്ങനെയാണ് ഹിമാചൽ വാഗ്ദാനം ചെയ്തത്. അതേസമയം ജി.എൻ.എ 500 മെഗാവാട്ട് വീതമാണ് വാഗ്ദാനം ചെയ്തത്.

ഹിമാചലിനേക്കാൾ നവംബറിൽ 780 മെഗാവാട്ട്, ഡിസംബറിൽ 632, ജനുവരിയിൽ 372, ഫെബ്രുവരിയിൽ 364, മാർച്ചിൽ 506 എന്നങ്ങനെയാണ് ജി.എൻ.എയിൽ കുറവെന്ന് കെ.എസ്.ഇ.ബി കത്തിൽ പറയുന്നു. ഏപ്രിലിൽ വൈദ്യുതി നൽകുമെന്ന് ജി.എൻ.എ പറയുന്നില്ല. 1,176 മെഗാവാട്ടാണ് ഏപ്രിലിൽ ഹിമാചൽ നൽകുമെന്ന് പറയുന്നത്.

ജി.എൻ.എയിൽനിന്ന് വാങ്ങിയാൽ പീക്ക് സമയത്ത് കൂടുതൽ വാങ്ങേണ്ടിവരും. ഇത് 442.21 കോടിയുടെ അധിക ബാധ്യത വരുത്തും. അഞ്ച് മാസത്തേക്ക് 2008.69 കോടിയുടെ വൈദ്യുതി അധികമായി വാങ്ങണം. ഇത് ഹിമാചൽ വൈദ്യുതി 12.50 രൂപ, 14.50 രൂപ എന്നിങ്ങനെയുള്ള നിരക്കയിൽ വാങ്ങുന്നതിനേക്കാൾ അധിക ബാധ്യത വരുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജി.എൻ.എ നിർദേശം വരുന്നതിന് മുമ്പ് ഹിമാചൽ വൈദ്യുതിക്ക് ഒക്ടോബർ മുതൽ മേയ് വരെ 2,232 കോടിയുടെ അധിക ബാധ്യത വരുമെന്ന വിലയിരുത്തൽ സർക്കാറിന് മുന്നിലുണ്ടായിരുന്നു. ഡിസംബർ വരെ 723 കോടിയും മേയ് വരെ 1,510 കോടിയും ബാധ്യത വരും. ഹിമാചലും കേരള സർക്കാറും തമ്മിൽ നേരിട്ട ഇടപാട്. ട്രേഡിങ് കമ്പനി വഴിയാണ് വൈദ്യുതി കിട്ടുക. ഇത് കൂടുതൽ ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ ജി.എൻ.ഐയെ തെരഞ്ഞെടുത്തത്.

ഹിമാചൽ വൈദ്യുതി പീക്ക് സമയത്ത് വൈകീട്ട് 6.30നും രാത്രി 10.30നുമിടയിൽ രണ്ടു മാസം മാത്രമാണ് 500 മെഗാവാട്ടിന് മുകളിൽ. നവംബറിൽ 719 മെഗാവാട്ട്, ഡിസംബറിൽ 402, ജനുവരി 213, ഫെബ്രുവരി 193, മാർച്ച് 378 എന്നിങ്ങനെയാണ് വാഗ്ദാനമെന്നും സർക്കാർ വിശദീകരിക്കുന്നു.

റഗുലേറ്ററി കമീഷൻ നിലപാട് നിർണായകം

ഹിമാചൽ, ജി.എൻ.എ വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും കെ.എസ്.ഇ.ബിയും പറയുന്ന കണക്കിൽ വൈരുധ്യങ്ങൾ പ്രകടമായതോടെ, വാങ്ങൽ കരാറുകൾ അംഗീകരിക്കേണ്ട റഗുലേറ്ററി കമീഷൻ നിലപാട് നിർണായകം. ജി.എൻ.എ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല.

വിവിധ ഉൽപാദന കമ്പനികളടെ വൈദ്യുതി വിൽക്കാനുള്ള പ്ലാറ്റ്ഫോമാണ്. കെ.എസ്.ഇ.ബി പോലെ വിതരണ ഏജൻസികൾക്ക് ഇവരിൽനിന്ന് നേരിട്ട് വാങ്ങാൻ അനുമതിയില്ലെന്നാണ് ബോർഡ് പറയുന്നത്. ഇത് വാങ്ങണമെങ്കിൽ ടെൻഡറോ റഗുലേറ്ററി കമീഷൻ നിശ്ചയിച്ച വിലക്ക് ഉഭയകക്ഷി കരാറോ വേണം. ജി.എൻ.എയിൽ പകലും വാങ്ങേണ്ടിവരുന്നതിന്റെ അധിക ബാധ്യതയും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Himachal vs GNA Power Purchase Controversy: KSEB Report Contradicts Government Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.