കലൂർ സ്റ്റേഡിയത്തിലെ ടർഫ് നിർമാണം പുരോഗമിക്കുന്നു (ചിത്രം ജി.സി.ഡി.എ)

കലൂർ സ്റ്റേഡിയം ടർഫ് ലോക നിലവാരത്തിലേക്ക്; ചുരുങ്ങിയ സമയത്തിനുള്ളിൽ ഫിഫ നിലവാരത്തിലെ നിർമാണമെന്ന് ജി.സി.ഡി.എ

കൊച്ചി: അർജന്റീനയെയും ലയണൽ മെസ്സിയും നവംബറിൽ കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചുവെങ്കിലും ലോകോത്തര നിലവാരത്തിലെ ടർഫ് നിർമാണവുമായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം. നവംബർ 17ന് അർജന്റീനയുടെ മത്സരം നടക്കുമെന്ന നിശ്ചയപ്രകാരം സെപ്റ്റംബർ 24ന് കലൂർ സ്റ്റേഡിയത്തിലെ ടർഫ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും, കഴിഞ്ഞ 34 ദിവസംകൊണ്ട് മികച്ച കളിമുറ്റം തയ്യാറാക്കിയതായും സ്റ്റേഡിയം ഉടമകളായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഫേസ് ബുക് പോസ്റ്റിലൂടെ അറിയിച്ചു. രാവിലെയും വൈകീട്ടും 27 തൊഴിലാളികൾ ഓവർടൈം ജോലിയെടുത്താണ് സ്റ്റേഡിയത്തിലെ ടർഫിന്റെ നിർമാണം പുരോഗമിക്കുന്നതെന്നും ചെയർമാൻ ചന്ദ്രൻപിള്ളയെ ടാഗ് ചെയ്തുള്ള കുറിപ്പിൽ വിശദീകരിച്ചു. സ്റ്റേഡിയം ടർഫിന്റെ പുതിയ ചിത്രങ്ങളും പങ്കുവെച്ചു.

കുറിപ്പിന്റെ പൂർണരൂപം

മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം സൗഹൃദമത്സരം കളിക്കാനായി നവംബർ മാസത്തിൽ കേരളത്തിലേക്ക് വരുന്നു എന്ന പ്രഖ്യാപനം വന്നതിനു ശേഷം ‘സമയ’മാണ് പ്രധാന വില്ലനായി പ്രതിരോധം തീർത്തത്. കേരളത്തിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര മത്സരം കളിക്കുന്നതിന് പര്യാപ്തമായ സ്റ്റേഡിയവും സൗകര്യങ്ങളും കൊച്ചിയിലാണെന്ന് വിലയിരുത്തിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ജോലികൾ നിർവഹിച്ചു കൊണ്ട് സ്റ്റേഡിയത്തിന് ഫിഫ സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കവാടം ഒരുക്കൽ, പാർക്കിംഗ് ഏരിയ സജ്ജീകരണം, ബൗണ്ടറി വാൾ നിർമാണം, സീറ്റിങ്, സ്ട്രക്ചറൽ റിപ്പയർ തുടങ്ങി ടർഫ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നത് വരെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നു.

നവംബർ 17 ന് മത്സരം നടക്കും എന്ന വിലയിരുത്തലോടെ സെപ്റ്റംബർ 24 നാണ് ടർഫ് ലോകനിലവാരത്തിലാക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചത്. നവംബർ 10 ന് ടർഫ് ഫിഫ സ്റ്റാൻഡേർഡിലേക്ക് സജ്ജമാക്കുന്നതിനായി 45 ദിവസങ്ങളാണ് മുന്നിലുണ്ടായിരുന്നത്. ഇന്ന് 34 ദിവസങ്ങൾ പിന്നിടുമ്പോൾ ടർഫിന്റെ മാറ്റം പ്രകടമാണ്. 27 തൊഴിലാളികൾ രാവിലെയും വൈകീട്ടും ഓവർ ടൈം ജോലി ചെയ്തത് കൊണ്ടാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഗുണനിലവാരത്തോടെ ടർഫിന്റെ മാറ്റം സാധ്യമായത്. 10 ദിവസം കൂടി കഴിഞ്ഞാൽ ടർഫ് അന്താരാഷ്ട്ര നിലവാരത്തിൽ പൂർണ്ണ സജ്ജമാകും.

ടർഫ് മെയിന്റനൻസ് വളരെ ചിലവേറിയ പ്രവൃത്തിയായതിനാൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ടർഫ് സജ്ജീകരണം നിർവഹിക്കാറുള്ളത്. മാർച്ചിൽ ഐ.എസ്.എൽ മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം ഏകദേശം ആറ് മാസങ്ങൾക്കപ്പുറമാണ് മെസ്സിയുടെ മത്സരത്തിനായി ടർഫ് സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുന്നത്. ഫിഫ സ്റ്റാൻഡേർഡിൽ ടർഫ് സജ്ജീകരിക്കുന്നതിനും മെയിന്റനൻസ് ചെയ്യുന്നതിനും ചിലവ് പതിർമടങ്ങാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ടർഫ് സജ്ജമാക്കുന്നതിനായി ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നെന്ന് ടർഫ് കോൺട്രാക്ടർ രാഹുൽ പരാശർ പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ജോലികൾ ചെയ്യേണ്ടതായി വന്നു. ടർഫിൽ നിലവിലുണ്ടായിരുന്ന ഗ്രാസ് ലെയർ നീക്കം ചെയ്ത് ഡ്രൈ ഗ്രാസ് പൂർണ്ണമായും നീക്കം ചെയ്യുന്നതിന് മാത്രമായി മുഴുവൻ തൊഴിലാളികളും 4 ദിവസത്തോളം പൂർണ്ണമായും ജോലി ചെയ്യേണ്ടതായി വന്നു. ടർഫിലുണ്ടായിരുന്ന ധാരാളം മണ്ണിരകളെയും കീടനാശിനി പ്രയോഗിച്ച് നീക്കം ചെയ്തു. ശേഷം മുംബൈയിൽ നിന്ന് പ്രത്യേകം എത്തിച്ച വിലയേറിയതും ഗുണനിലവാരത്തിലുള്ളതുമായ പിങ്ക് സാൻഡ് ടോപ്പ് ഉപയോഗിച്ചാണ് ടർഫിനായി സജ്ജമാക്കിയത്. ഫീൽഡ് ഓഫ് പ്ലെയിലും ഡഗ് ഔട്ട്‌ ഏരിയയിലും പുതിയ ഗ്രാസ് നിരത്തി സജ്ജമാക്കി ആദ്യ ലെയർ വെട്ടി ശരിയാക്കി. ബർമുഡ ഗ്രാസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ശേഷം ഇടതൂർന്ന ഭാഗങ്ങളിലെല്ലാം വീണ്ടും ഗ്രാസ് വളർത്തി സജ്ജമാക്കി. ഉയർച്ചതാഴ്ച്ചകൾ ഒഴിവാക്കി ലെവൽ കൃത്യമാക്കുന്നതിനുള്ള പ്രവൃത്തികളും ചെയ്തു. ഇനിയുള്ള 10 ദിവസങ്ങളിലായി ചെയ്യുന്ന പാറ്റേൺ കട്ടിങ്ങും ലൈൻ മാർക്കിങ്ങും കൂടി കഴിഞ്ഞാൽ മികച്ച ഗുണനിലവാരത്തോടു കൂടി ഫിഫ സ്റ്റാൻഡേർഡിൽ അന്താരാഷ്ട്ര ടർഫ് പൂർണ്ണമായി സജ്ജമാകും. 34 ദിവസങ്ങളിലായി 27 ഓളം തൊഴിലാളികളുടെ കഠിനപ്രയത്നത്തിലൂടെയാണ് ടർഫ് ഫിഫ സ്റ്റാൻഡേർഡിൽ സജ്ജമാക്കിയത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിലുള്ള പ്രവർത്തനങ്ങളിൽ മഴയും പ്രതിസന്ധികൾ സൃഷ്ടിച്ചു.

ദിവസങ്ങൾക്കിപ്പുറം മികച്ച ഗുണനിലവാരത്തോടെയുള്ള അന്താരാഷ്ട്ര ടർഫ് ഒരുങ്ങുന്നതായി ചിത്രങ്ങളിൽ കാണാനാകും. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ നമ്മുടെ കൊച്ചിയിലേക്ക് എത്തട്ടെ. നമ്മുടെ നാടിനെ ലോകമറിയട്ടെ.’

Full View


Tags:    
News Summary - Kaloor Stadium turf to world standard; GCDA says construction to FIFA standards in a short time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.