സിയ ഫാത്തിമ
തൃശൂർ: കാസർകോട് പടന്നയിൽനിന്ന് തൃശൂരിലേക്കുള്ള ദൂരം 259 കിലോമീറ്റർ. ഈ ദൂരം സിയ ഫാത്തിമയുടെ ജീവിതത്തിനും മത്സരത്തിനും ഇടയിലുള്ള അകലംകൂടിയായിരുന്നു. തന്റെ അവസ്ഥ വിവരിച്ചുള്ള സിയ ഫാത്തിമയുടെ വിദ്യാഭ്യാസ മന്ത്രിക്കുള്ള കത്തും വി. ശിവൻകുട്ടിയുടെ ഉത്തരവും നീക്കിയത് ഈ ദൂരംകൂടിയാണ്. ഒപ്പം തൃശൂരിലെ സംസ്ഥാന സ്കൂൾ കലോത്സവം പടന്നയിലെ സിയ ഫാത്തിമയുടെ വീട്ടുമുറിയിലേക്കും എത്തുകയാണ്.
അറബിക് പോസ്റ്റർ മത്സരത്തിന് കാസർകോട് ജില്ലയിൽനിന്ന് യോഗ്യത നേടിയ പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ സിയ ഫാത്തിമ ‘വാസ്കുലിറ്റിസ്’ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. യാത്ര ജീവനെ ബാധിക്കുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിക്ക് കത്തെഴുതിയത്. ഇതോടെയാണ് വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും പുറപ്പെടുവിച്ചത്.
മാനുഷിക പരിഗണന നൽകിയുള്ള ഉത്തരവ് കലോത്സവചരിത്രത്തിൽതന്നെ അത്യപൂർവം. കുട്ടിയുടെ വലിയ ആഗ്രഹം കണ്ടില്ലെന്നുനടിക്കാൻ കഴിയില്ലെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നുമാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. ശനിയാഴ്ച രാവിലെ 11ന് 17ാം വേദിയിലാണ് മത്സരം. ഒരേ സമയം വേദിയിലും സിയ ഫാത്തിമയുടെ മുറിയിൽ വിഡിയോ കോൺഫറൻസിലൂടെയും മത്സരം നടക്കും.
രണ്ടു മാസം മുമ്പാണ് സിയക്ക് അസുഖം വന്നത്. പ്രതിരോധശേഷി കുറയുന്ന ലക്ഷണങ്ങളാണ് ഉണ്ടായത്. പടന്ന തെക്കേപ്പുറം സിയാ മൻസിൽ സാറുവിന്റെയും അബ്ദുൽ മുനീറിന്റെയും മകളാണ്. 2025 നവംബർ ആറിനും വിദ്യാഭ്യാസ വകുപ്പ് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ തൃശൂർ തളിക്കുളത്തെ അനീഷ എന്ന 32കാരിക്ക് അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി വീട്ടിലിരുന്ന് പരീക്ഷയെഴുതിയ അനീഷ നാല് എ പ്ലസോടെ വിജയിച്ചു.
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 694 പോയന്റുള്ള കണ്ണൂരിനു പിന്നിൽ 680 പോയന്റോടെ കോഴിക്കോട് രണ്ടാമതും 678 പോയന്റ് നേടിയ തൃശൂർ മൂന്നാമതുമാണ്. 676 പോയന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലും കണ്ണൂരാണ് മുന്നിലുള്ളത്. അറബിക്, സംസ്കൃതം കലോത്സവങ്ങളിലും കണ്ണൂരും കോഴിക്കോടും മികച്ച പ്രകടനം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.