കലികോ പുലിന്‍െറ ആത്മഹത്യ: ഉന്നതസമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലികോ പുലിന്‍െറ ആത്മഹത്യക്കുറിപ്പ് ഉന്നതസമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് 60 പേജുള്ള കുറിപ്പ് എഴുതിവെച്ച് പുല്‍ വസതിയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ അടക്കം നിരവധി പേരുകളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

 ഉന്നതരുടെ ഇടപെടല്‍മൂലമാണ് കലികോ പുല്‍ ആത്മഹത്യ ചെയ്തതെന്നും സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ ആദ്യ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ആത്മഹത്യകുറിപ്പ് ഇത്രയും നാള്‍ ഒളിപ്പിച്ചതിന്‍െറ തെളിവുകളും അവര്‍ പുറത്തുവിട്ടു. പുലിന്‍െറ ആത്മഹത്യകുറിപ്പ് ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അന്വേഷിക്കണമെന്ന് ഫോറം ഓഫ് ജൂറിസ്റ്റ്സും ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കുന്നതാണ് ജഡ്ജിമാര്‍ക്കെതിരെയുണ്ടായ ആരോപണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി പി.ബി. സ്വാന്ത്, മുന്‍ ബോംബെ ഹൈകോടതി ജഡ്ജി എച്ച്. സുരേഷ്, മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അടങ്ങിയ ഫോറം ഓഫ് ജൂറിസ്റ്റ്സ് ശനിയാഴ്ച ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. 

അസമില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായതോടെ 2016 ജനുവരി 26ന് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനായ പുല്‍ ബി.ജെ.പി സഹായത്തോടെ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ പുലിന്‍െറ ഭരണം അസാധുവാക്കാതിരിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ 86 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നതടക്കം ഉന്നതര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ആത്മഹത്യകുറിപ്പിലുള്ളത്. പിന്നീട് സുപ്രീംകോടതി വിധിമൂലം പുലിന് ഭരണം നഷ്ടമാവുകയും ഒരുമാസത്തിനുള്ളില്‍ ആത്മഹത്യചെയ്യുകയും ചെയ്തു. പുല്‍ ഹിന്ദിയിലെഴുതിയ കുറിപ്പില്‍ മുന്‍ മുഖ്യമന്ത്രിമാരായ ദോര്‍ജി ഖണ്ഡു, നബാം തൂകി, നിലവിലെ മുഖ്യമന്ത്രി പെമ ഖണ്ഡു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കോടികളുടെ അഴിമതിയും അക്കമിട്ട് വെളിപ്പെടുത്തുന്നുണ്ട്. 


 

Tags:    
News Summary - kalikho pul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.