ആലപ്പുഴ: കളർകോട് അപകടത്തിൽപെട്ട മെഡിക്കൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ വാടകക്ക് നൽകിയതാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമക്കെതിരെ കൂടുതൽ നടപടിയെടുക്കും. കാർ വാടകക്ക് കൊടുക്കാൻ ലൈസൻസില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അപകടസമയത്ത് കാർ ഓടിച്ച വിദ്യാർഥി ഗൗരിശങ്കർ വാടകത്തുകയായ 1,000 രൂപ ഷാമിൽഖാന് ഗൂഗിൾപേ ചെയ്തതായി പൊലീസ് റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ലൈസൻസില്ലാതെയാണ് കാർ വാടകക്ക് നൽകിയതെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ് എത്തിയത്. അപകടത്തിൽ പൂർണമായും തകർന്ന കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. കാർ വാടകക്ക് നൽകിയതല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് വാഹനത്തിന്റെ ഉടമ ഷാമിൽ ഖാൻ. ഭക്ഷണം കഴിക്കാനായി വിദ്യാർഥിക്ക് പണമായി നൽകിയ ആയിരം രൂപയാണ് ഗൂഗിൾപേ വഴി മടക്കിനൽകിയത്. സിനിമ കാണാൻ വേണ്ടിയാണ് വാഹനം കൊണ്ടുപോയത്.
വർഷങ്ങൾക്കുമുമ്പ് വാഹനങ്ങൾ വാടകക്ക് കൊടുത്തിരുന്നു. നിരന്തരം പ്രശ്നങ്ങളായതിനാൽ അത് നിർത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അപകടസമയത്ത് കാറോടിച്ച വിദ്യാർഥി ഗൗരിശങ്കർ സൗത്ത് പൊലീസിന് നൽകിയ മൊഴിയിൽ കാർ വാടകക്ക് എടുത്തതാണെന്ന് പറഞ്ഞിരുന്നു.
നിയമവിരുദ്ധമായി കാർ വാടകക്ക് നൽകിയതിനാൽ അപകടത്തിൽപെട്ട കാറിന്റെ ആർ.സി റദ്ദാക്കുമെന്ന് ആലപ്പുഴ ആർ.ടി.ഒ എം.കെ. ദിലു പറഞ്ഞു. വാഹന ഉടമക്ക് ഒന്നിൽകൂടുതൽ വാഹനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ വാടകക്ക് നൽകുന്നതായും സംശയമുണ്ട്. ഇത് അന്വേഷിച്ച് അത്തരം വാഹനങ്ങളുടെ ആർ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കും.
വാഹന ഉടമക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രനും പറഞ്ഞു. വാഹന ഉടമ വിദ്യാർഥിയിൽനിന്ന് ലൈസൻസ് അയച്ചുവാങ്ങിയത് അപകടശേഷമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസ് ഇയാളുടെ സഹോദരനിൽനിന്ന് വാങ്ങിയെന്നാണ് വിവരം.
ആലപ്പുഴ: ആറ് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കളർകോട് വാഹനാപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. വെളുത്ത ടവേര കാറിൽ വിദ്യാര്‍ഥികള്‍ വണ്ടാനത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ആ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. 500 രൂപക്കാണ് ഇന്ധനം നിറച്ചത്. പമ്പിലെത്തുമ്പോൾ കാറിൽ മൂന്നുപേർ മാത്രമാണുണ്ടായിരുന്നത്. ഇതിനുപിന്നാലെ സിനിമക്ക് പോകാൻ മെഡിക്കൽ കോളജിന് മുന്നിൽ കാത്തുനിന്ന എട്ടുപേർകൂടി കയറി. ഇവിടെനിന്നുള്ള യാത്രയിലാണ് കളർകോട് ചങ്ങനാശ്ശേരി ജങ്ഷനിൽ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.