ഹെൽമെറ്റിടാതെ സ്കൂട്ടറോടിച്ച് കടകംപള്ളി; ചെന്നിത്തലയുടെ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹെൽമെറ്റിടാതെ സ്കൂട്ടറോടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് മടങ്ങുന്ന ദൃശ്യം പുറത്ത്. രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കടകംപള്ളി കണ്ടത്. എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല.

ഇന്ന് രാവിലെ വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ സ്വകാര്യ വസതിയിൽ എത്തിയാണ് കടകംപള്ളി കൂടിക്കാഴ്ച നടത്തിയത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെ എത്തി ഏതാണ്ട് 10- 15 മിനിറ്റിനുശേഷം തിരിച്ച് അതേ സ്കൂട്ടറിൽ തന്നെ കയറി പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് തിരക്കിട്ട ഈ സന്ദർശനം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഈ കേസിൽ എസ്ഐടി പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്.

പ്രശാന്തും കടകംപള്ളി സുരേന്ദ്രനും അറിയാതെ ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് നടക്കില്ലെന്ന് നേരത്തെ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ, കൂടുതൽ രാഷ്ട്രീയ നേതാക്കളെ എസ്ഐടി പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതിനിടയിലാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രിയെ വീട്ടിലെത്തി സന്ദർശിച്ചത്. കുറ്റപത്രം വരുന്നതിനു തൊട്ടുമുമ്പ് എന്തിനാണ് ഇത്തരത്തിൽ ഒരു സന്ദർശനം എന്ന ചോദ്യം ഉയരുകയാണ്.

അവിടെ സന്ദർശകരൊക്കെ ഉണ്ടായിരുന്ന സമയത്താണ് പോയതെന്നും ഒളിച്ചും പാത്തുമൊന്നുമല്ലെന്നും കടകംപള്ളി പ്രതികരിച്ചു. തന്റെ ജില്ലയിലുള്ള ഒരു മന്ത്രിയെ അവരുടെ വീട്ടിൽ പോയി കാണുന്നതിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണേണ്ടെന്നും സാധാരണ സന്ദർശനമാണെന്നുമാണ് അദ്ദേഹം നൽകുന്ന വിശദീകരണം. മുൻകൂട്ടി അനുമതി വാങ്ങിയാണ് കടകംപള്ളി സുരേന്ദ്രൻ എത്തിയതെന്ന് രമേശ് ചെന്നിത്തലയുടെ ഓഫിസും അറിയിച്ചു.

Tags:    
News Summary - Kadakampally surendran rides scooter without helmet; footage of returning from Chennithala's house surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.